ചാലിശ്ശേരി പ്രിയദര്‍ശിനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും ഡയാലിസിസ് കിറ്റ് വിതരണവും നടന്നു

40

ചാലിശ്ശേരി മൈലാടിക്കുന്നില്‍ പുതിയതായി രൂപീകരിച്ച പ്രിയദര്‍ശിനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും ഡയാലിസിസ് കിറ്റ് വിതരണവും നടന്നു. ട്രസ്റ്റിന്റെ ഉദ്ഘാടനം ജലീല്‍ നരിക്കാട്ടിലിന്റെ അധ്യക്ഷതയില്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രന്‍ നിര്‍വഹിച്ചു. മുക്കില്‍പീടിക മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ബാബു നാസര്‍ ഡയാലിസിസ് കിറ്റ് വിതരണം നടത്തി. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഗോപിനാഥ് പാലഞ്ചേരിയുടെ ലഹരിക്കെതിരെയുള്ള ഏകപാത്ര നാടകം ‘മരണമൊഴി’ ഉദ്ഘാടന ചടങ്ങിന് മുമ്പായി വേദിയില്‍ അരങ്ങേറി.

ട്രസ്റ്റ് രക്ഷാധികാരി ടി.കെ.സുനില്‍കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മര്‍ മൗലവി, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ പി.ഐ.യൂസഫ്, എ.എം.ഷെഫീക്ക്, റസാഖ് പുളിയഞ്ഞാലില്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ എം.എം.അഹമ്മദുണ്ണി, ടി.കെ.മുഹമ്മദ്, മുഹമ്മദാലി ആനപറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് രക്ഷാധികാരിയും പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഹുസൈന്‍ പുളിയഞ്ഞാലില്‍ സ്വാഗതവും സെക്രട്ടറി അനസ് പാറയില്‍ നന്ദിയും പറഞ്ഞു.