ചാലിശ്ശേരി സ്വദേശി ഗോപിനാഥ് പാലഞ്ചേരിയുടെ മരണമൊഴി എന്ന ഏകപാത്ര നാടകം ഇനി തമിഴ് നാട്ടിലും. 211-ാം മത്തെ അവതരണമാണ് ഞായറാഴ്ച ചെന്നൈയില്‍ നടക്കുന്നത്.ലഹരിവിരുദ്ധ സന്ദേശവുമായി ചാലിശ്ശേരി സ്വദേശി ഗോപിനാഥ് പാലഞ്ചേരി അവതരിപ്പിക്കുന്ന ഏകപാത്ര നാടകം ‘മരണമൊഴി’ സംസ്ഥാന അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു. നാടകത്തിന്റെ 211-ാം അവതരണം മദ്രാസ് യോഗക്ഷേമ സഭയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് അസന്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ചെന്നൈയിലെ വിവിധ കേന്ദ്രങ്ങളില്‍ മറ്റു ദിവസങ്ങളിലായി അവതരണങ്ങള്‍ നടക്കും.മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്‍മ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല സര്‍ഗോത്സവത്തില്‍ മരണമൊഴിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. 65-ാം വയസ്സിലും നാടകവേദിയില്‍ സജീവമായ ഗോപിനാഥ്കഴിഞ്ഞ ഒന്നര വര്‍ഷമായി പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ,വയനാട് , എറണാകുളം തുടങ്ങിയ ജില്ലകളിലെ കോളേജുകള്‍, സ്‌കൂളുകള്‍, വായനശാലകള്‍, ജനമൈത്രി പൊലീസ്, എക്‌സൈസ് എന്നിവയുടെ ബോധവല്‍ക്കരണ പരിപാടികളിലായി നാടകം അവതരിപ്പിച്ചുവരികയാണ്.( ബൈറ്റ് ) ലഹരിയുടെ ദൂഷ്യഫലങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്ന ഈ നാടകം ഇതിനോടകം 210 വേദികള്‍ പിന്നിട്ടു. നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് നാടകപരിശീലനവും നല്‍കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകനുമാണ്.ലഹരിക്കെതിരെ സംസ്ഥാനത്ത് മികച്ച സ്വീകാര്യത നേടിയ മരണമൊഴി ഗോപിനാഥ് പാലഞ്ചേരിയുടെ കലാ ജീവിതത്തിലെ മറ്റൊരു സുപ്രധാന നാഴിക കല്ലായി മാറുകയാണ്.



