പിടിച്ചെടുത്ത ജെസിബികള്‍ വിട്ടു നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

163

റവന്യൂ – കൃഷി ഓഫീസര്‍മാര്‍ പിടിച്ചെടുത്ത രണ്ട് ജെസിബികള്‍ 55 ദിവസത്തിനു ശേഷം നിരുപാധികമായി വിട്ടു നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പഴഞ്ഞി വില്ലേജ് ഓഫീസര്‍ ഷാജു, കാട്ടകാമ്പാല്‍ കൃഷി ഓഫീസര്‍ അനൂപ് എന്നിവര്‍ അന്യായമായി പിടിച്ചെടുത്ത് കുന്നംകുളം താലൂക്ക് ഓഫീസില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ജെസിബികളാണ് വിട്ടു നല്‍കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. കഴിഞ്ഞ മെയ് 13ന് പോര്‍ക്കുളം പൊന്നംപാടത്ത് പഴഞ്ഞി സ്വദേശി റെയ്‌മോന്റെ ഇരുപ്പു കൃഷി നിലത്ത് മത്സ്യകൃഷി ചെയ്യുവാന്‍ അനുയോജ്യമായ രീതിയില്‍ സ്ഥലം ഒരുക്കുന്നതിനിടയാണ് കുന്നംകുളം സ്വദേശി അസീസ്, പോര്‍ക്കുളം സ്വദേശി ശരവണന്‍ എന്നിവരുടെ ജെസിബികള്‍ അകാരണമായി വില്ലേജ് ഓഫീസറും കൃഷി ഓഫീസറും ചേര്‍ന്ന് പിടികൂടിയത്.

മത്സ്യകൃഷി ചെയ്യുവാന്‍ സ്ഥലം ഉടമയ്ക്ക് എല്ലാവിധ പെര്‍മിറ്റുകളും മതിയായ രേഖകളും അനുമതി പത്രവും ഉണ്ടായിരുന്നു. കാട്ടകാമ്പാല്‍ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും മത്സ്യവകുപ്പിന്റെയും അനുമതി രേഖകള്‍ ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും അതൊന്നും സ്വീകരിക്കാന്‍ തയ്യാറാകാതെ രണ്ട് ജെസിബികളും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുക്കാന്‍ വിസമ്മതിച്ച പോലീസ് ജെസിബികള്‍ റവന്യൂ കൃഷി ഓഫീസര്‍മാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താലൂക്ക് ഓഫീസിലേക്ക് മാറ്റി. സംഭവത്തില്‍ കളക്ടര്‍ക് പരാതി നല്‍കുകയും ഓണ്‍ലൈനില്‍ കളക്ടര്‍ നടത്തിയ സിറ്റിങ്ങില്‍ ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനത്തെ തുടര്‍ന്ന് ജെസിബി വിട്ടു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.