32.3 C
Kunnamkulam
Monday, September 28, 2026
Home Bureaus Kunnamkulam കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ 71കാരന്റെ പോസ്റ്റ്‌മോര്‍ട്ടം നിഷേധിച്ചതായി പരാതി; പ്രതിഷേധവുമായി ബന്ധുക്കള്‍

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ 71കാരന്റെ പോസ്റ്റ്‌മോര്‍ട്ടം നിഷേധിച്ചതായി പരാതി; പ്രതിഷേധവുമായി ബന്ധുക്കള്‍

34

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ വയോധികന്റെ പോസ്റ്റ്‌മോര്‍ട്ടം നിഷേധിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ചാലിശ്ശേരി കുന്നത്തേരി സ്വദേശി മണാളത്ത് വളപ്പില്‍ കുഞ്ഞന്‍ (71) ആണ് മരിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 4 ന് ചാലിശ്ശേരി സെന്ററില്‍ വച്ച് അപകടം സംഭവിച്ചതിനെ തുടര്‍ന്ന് കുഞ്ഞന്‍ കിടപ്പിലായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ബന്ധുക്കള്‍ എത്തിയപ്പോഴാണ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്നും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെയാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നേരത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ചാലിശ്ശേരി സബ് ഇന്‍സ്പെക്ടര്‍ ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രി അധികൃതരുമായി സംസാരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. യാതൊരു കാരണവശാലും താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി നല്‍കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് മൂന്നുമണിയോടെ സംസ്‌കാരം നടത്താനായിരുന്നു ബന്ധുക്കള്‍ തീരുമാനിച്ചിരുന്നത്. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.എന്നാല്‍ ഒരു മാസം മുന്‍പ് അപകടം സംഭവിച്ചതിനാല്‍ മരണകാരണം അപകടം തന്നെയാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംശയം ഉള്ളതിനാല്‍ ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് എവി മണികണ്ഠന്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!