അമിതവേഗം വില്ലനാകുന്നു. ചൂണ്ടല്‍കുറ്റിപ്പുറം സംസ്ഥാനപാതയില്‍ രണ്ട് മാസത്തിനിടെ നഷ്ടമായത് അഞ്ച് ജീവനുകള്‍. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുമ്പോള്‍ ട്രാഫിക് നിയമങ്ങളും സുരക്ഷ സംവിധാനങ്ങളും കുറ്റമറ്റതാക്കണമെന്നാവശ്യം ശക്തമാണ്. തൃശൂര്‍ കടവല്ലൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി രണ്ട് വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമായ സിഗ്‌നല്‍ ലൈറ്റുകള്‍ ഇന്നും പുനഃസ്ഥാപിക്കാത്തതാണ് പ്രധാന പരാതികളിലൊന്ന്. റോഡ് നവീകരണം പൂര്‍ത്തിയായിട്ടും സീബ്രാ ക്രോസിങ്, മുന്നറിയിപ്പ് ബോര്‍ഡുകള്‍, വേഗനിയന്ത്രണ സംവിധാനങ്ങള്‍, നിരീക്ഷണ ക്യാമറകള്‍, രാത്രികാല സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.ജൂണ്‍ അവസാനത്തോടെ അക്കിക്കാവില്‍ ലോറിയിടിച്ച് 24-കാരനായ ഇരുചക്രവാഹന യാത്രികന്‍ മരിച്ചു. പിന്നാലെ ജൂലായ് ആദ്യം കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ലോര്‍ ബസ് നിയന്ത്രണംവിട്ട് റോഡരികിലെ പൂട്ടിക്കിടന്ന കടയിലേക്ക് ഇടിച്ചുകയറി. ബസ് ഡ്രൈവര്‍ എറണാകുളം കുമ്പളങ്ങി സ്വദേശി മരണപ്പെടുകയും യാത്രക്കാരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ജൂലായ് 15-ന് കൊരട്ടിക്കര പ്രിയദര്‍ശിനി ബസ് സ്റ്റോപ്പിന് സമീപം ബൈക്കും ലോ ഫ്‌ലോര്‍ ബസ്സും കൂട്ടിയിടിച്ച അപകടത്തില്‍ കല്ലുംപുറം സ്വദേശിയായ 37-കാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.ഈ അപകടങ്ങളുടെ വേദന മാറും മുമ്പാണ് വ്യാഴാഴ്ച പാറേമ്പാടത്ത് അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വീടിന്റെ മതിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും ഇടിച്ചുതകര്‍ത്തത്. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പത്ത് ദിവസം മുമ്പാണ് കുറ്റിപ്പുറത്ത് സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് 31 വയസ്സുള്ള യുവാവ് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. .ഇതിന് പുറമെ സംസ്ഥാനപാതയില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ പതിവായി സംഭവിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. കേച്ചേരി, ചൂണ്ടല്‍, അക്കിക്കാവ് കോളേജ്, പെരുമ്പിലാവ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ സിഗ്‌നല്‍ ലൈറ്റുകള്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമാണ്. സംസ്ഥാനപാതയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളിലൊന്നാണിത്.സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ വഴിമധ്യേ ഉണ്ടാകുന്ന സമയനഷ്ടം നികത്താന്‍ അമിതവേഗത്തില്‍ സഞ്ചരിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി യാത്രക്കാരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. ചില വാഹനങ്ങളിലെ സ്പീഡ് ഗവര്‍ണറുകളുടെ അപാകതയും അമിതവേഗത്തിന് വഴിയൊരുക്കുന്നുവെന്ന ആരോപണവുമുണ്ട്.തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഈ സംസ്ഥാനപാതയില്‍ അമിതവേഗം നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും കര്‍ശന പരിശോധനകള്‍ ശക്തമാക്കണമെന്നും സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് ആവശ്യം.



