പുന്നയൂര്‍ക്കുളം ആല്‍ത്തറ ഗോവിന്ദപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനേഴാമത് ദേശവിളക്കും അന്നദാനവും നടത്തി. ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് തിരുമേനി ഗോപകുമാര്‍ കാര്‍മ്മികത്വം വഹിച്ചു. തിങ്കളാഴ്ച വൈകിട്ട് 5:30ന് കടിക്കാട് ശിവക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ച് 10 മണിക്ക് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. താലമേന്തിയ മാളികപ്പുറങ്ങളും ഉടുക്കുപാട്ടും എഴുന്നള്ളിപ്പിന് മാറ്റേകി. രാത്രി പത്തരയ്ക്ക് ഉടുക്കുപാട്ടും, പുലര്‍ച്ചെ രണ്ടുമണിക്ക് പാല്‍ക്കുടം എഴുന്നള്ളിപ്പും, തുടര്‍ന്ന് കനലാട്ടവും നടന്നു. മണത്തല തത്വമസി അയ്യപ്പ സംഘം ജനാര്‍ദ്ദനന്‍ ഗുരുസ്വാമി ആന്‍ഡ് പാര്‍ട്ടി, വിളക്ക് പാര്‍ട്ടിക്ക് നേതൃത്വം നല്‍കി. ക്ഷേത്രത്തിലെത്തിയ മുഴുവന്‍ ഭക്തര്‍ക്കും അന്നദാനവും ഒരുക്കിയിരുന്നു. ഗോവിന്ദപുരം അയ്യപ്പ വിളക്ക് കമ്മിറ്റി പ്രസിഡണ്ട് അര്‍ജുനന്‍, സെക്രട്ടറി എം വി സുരേഷ്, ട്രഷറര്‍ എം എം നിധില്‍, മാതൃസമിതി പ്രസിഡണ്ട് വത്സല ടീച്ചര്‍, സെക്രട്ടറി ബൈജു, ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് കെ ബി സുകുമാരന്‍, സെക്രട്ടറി മുരളീധരന്‍ പൊലിയത്ത്, ട്രഷറര്‍ ശ്യാം സുന്ദര്‍ തുടങ്ങിയവരും മറ്റു കമ്മിറ്റി ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



