24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Guruvayur “ഇടതുപക്ഷക്കാലത്തെ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി പൂര്‍ത്തീകരിക്കാന്‍ അനുവദിക്കും” ; മന്ത്രി കെ.മുരളീധരന്‍

“ഇടതുപക്ഷക്കാലത്തെ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി പൂര്‍ത്തീകരിക്കാന്‍ അനുവദിക്കും” ; മന്ത്രി കെ.മുരളീധരന്‍

141

ഇടതുപക്ഷക്കാലത്തെ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി പൂര്‍ത്തീകരിക്കാന്‍ അനുവദിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ നവീകരിച്ച കൗസ്തുഭം റസ്റ്റ് ഹൗസിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാരിന് ഉദ്യേശ്യമില്ല. 1978 ലെ രാഷ്ട്രപതി ഒപ്പിട്ട ദേവസ്വം ആക്ടാണ് ഗുരുവായൂരിലുള്ളത്. അത് പ്രകാരം ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍ നടത്താനുള്ള അധികാരം ഗുരുവായൂര്‍ ദേവസ്വത്തിനാണ്. ഇക്കാര്യത്തില്‍ ഇനി സുപ്രീംകോടതിയില്‍ പോകേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലെ ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാരുമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായാണ് ചില അഭിപ്രായ വ്യത്യാസമുള്ളത്. ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ ഭക്തരോട് ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നതായി ആക്ഷേപമുണ്ട്. ഇത് മാറ്റിയെടുക്കാനായി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെ വരവ് ചെലവ് കണക്കുകള്‍ കൃത്യമാകണം.സാമ്പത്തിക കാര്യങ്ങളിലെ കോടതി ഇടപെടലുകള്‍ സ്വാഗതം ചെയ്യുന്നു. ഗുരുവായൂര്‍ ദേവസ്വത്തില്‍ അഡ്മിനിസ്ട്രേറ്ററെ ഉടന്‍ നിയമിക്കും. ദേവന്റെ സ്വത്ത് കയ്യിട്ട് വാരില്ലെന്ന് ഉറപ്പുള്ള ആളെ മാത്രമേ നിയമിക്കൂ. ഇക്കാര്യത്തില്‍ ഒരു ശുപാര്‍ശയും സ്വീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ പിതാവ് കെ.കരുണാകരന്‍ 40 വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത കൗസ്തുഭം റസ്റ്റ് ഹൗസ്, നവീകരിച്ച് ഭക്തര്‍ക്ക് സമര്‍പ്പിക്കുന്നതിന്റെ ഉദ്ഘാടനം തനിക്ക് നിര്‍വഹിക്കാനായത് ഭാഗ്യമായി കരുതുന്നതായും കെ.മുരളീധരന്‍ പറഞ്ഞു.ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് അധ്യക്ഷനായി. എന്‍.കെ.അക്ബര്‍ എംഎല്‍എ, ദേവസ്വം സെക്രട്ടറി എം.ജെ.രാജമാണിക്കം,നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ്ബി.നായര്‍, കെ.എസ്. ബാലഗോപാല്‍, എം.യു.ഷിനിജ, അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഭക്തര്‍ക്ക് ചുരുങ്ങിയ ചിലവില്‍ താമസിക്കുന്നതിനായി 13.5 കോടി ചിലവിലാണ് കൗസ്തുഭം നവീകരിച്ചത്.

 

ADVERTISEMENT
error: Content is protected !!