ചേലക്കര നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ദേശമംഗലം, വരവൂര്‍, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര എന്നീ പഞ്ചായത്തുകളിലെ വോട്ടിംഗ് പുരോഗമിക്കുന്നു. രാവിലെ തന്നെ എല്ലാ ബൂത്തുകളിലും വോട്ട് ചെയ്യുന്നതിനായി നീണ്ട നിരയാണ് കണ്ടത്. രാവിലെ എട്ടുമണിയോടുകൂടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. ആര്‍.പ്രദീപ് ദേശമംഗലം കൊണ്ടയൂര്‍ വിദ്യാസാഗര്‍ ഗുരുകുലം സ്‌കൂളില്‍ ഉള്ള 25 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിധിയെഴുത്താകും ഇത്തവണത്തെ വോട്ട് എന്ന് പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ദേശമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ 24 നമ്പര്‍ ബൂത്ത് പ്രശ്‌നബാധിത ബൂത്തായി പ്രഖ്യാപിക്കുകയും ഇതിനെ തുടര്‍ന്ന് സിആര്‍പിഎഫിന്റെയും പോലീസിന്റെയും കനത്ത സുരക്ഷയിലാണ് വോട്ടിംഗ് നടക്കുന്നത്. ദേശമംഗലം തലശ്ശേരി എ.എല്‍പി സ്‌കൂളിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. ഏകദേശം മുക്കാല്‍ മണിക്കൂറോളം തകരാറിലായ യന്ത്രം തകരാര്‍ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. കൂടാതെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ഈ ബൂത്തില്‍ യന്ത്ര തകരാറും കൂടി ഉണ്ടായതോടെ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. ഉടനെ ഇതിന് വേണ്ട പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാര്‍ പറയുന്നു.
ADVERTISEMENT