32.1 C
Kunnamkulam
Sunday, October 11, 2026
Home Bureaus Kunnamkulam കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ വിപുലമായ ‘മാസ് ക്ലീനിംഗ്’ ദൗത്യം

കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ വിപുലമായ ‘മാസ് ക്ലീനിംഗ്’ ദൗത്യം

21

ഒക്ടോബര്‍ 7 മുതല്‍ 10 വരെ നടന്ന ചാമ്പ്യന്‍ഷിപ്പിന് ശേഷം, മേളയ്ക്ക് വേദിയായ ഗ്രൗണ്ടും പരിസരപ്രദേശങ്ങളും ശുചീകരിച്ച് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ ‘മാസ് ക്ലീനിംഗ്’ ദൗത്യം സംഘടിപ്പിച്ചു.നഗരത്തിന്റെ ശുചിത്വവും ഭംഗിയും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ആയിരക്കണക്കിന് കായികപ്രേമികളും കായികതാരങ്ങളും എത്തിയ മത്സരവേദിയില്‍ അവശേഷിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ഗ്രൗണ്ട് പൂര്‍ണ്ണമായും വൃത്തിയാക്കി.കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു, കൗണ്‍സിലര്‍മാരായ ദിലീപ് പുളിക്കല്‍, രുദ്ര രജീഷ് എന്നിവര്‍ ചടങ്ങിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേരിട്ട് നേതൃത്വം നല്‍കി.ശുചിത്വ ദൗത്യത്തില്‍ ജനപ്രതിനിധികള്‍ക്കൊപ്പം അധ്യാപകരും ഉദ്യോഗസ്ഥരും തദ്ദേശവാസികളും കൈകോര്‍ത്തു. സ്‌കൂള്‍ കായിക അധ്യാപകന്‍ ശ്രീനിഷ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ റസിയ ടീച്ചര്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപിക വിജയലക്ഷ്മി ടീച്ചര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹേമ കുമാരി എന്നിവരുടെ സാന്നിധ്യവും മേല്‍നോട്ടവും ശുചീകരണം ഊര്‍ജ്ജിതമാക്കി.നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ചുരുങ്ങിയ സമയം കൊണ്ട് ഗ്രൗണ്ടും സമീപപ്രദേശങ്ങളും പൂര്‍ണ്ണമായി വൃത്തിയാക്കാന്‍ സാധിച്ചത്. വന്‍കിട കായിക മാമാങ്കങ്ങള്‍ക്ക് ശേഷം വേദികള്‍ വൃത്തികേടായി കിടക്കുന്ന പതിവ് രീതിക്ക് പകരം, മത്സരങ്ങള്‍ അവസാനിച്ചയുടന്‍ ഗ്രൗണ്ട് വീണ്ടും പൊതുജനങ്ങള്‍ക്കായി വൃത്തിയാക്കി നല്‍കിയ കുന്നംകുളം നഗരസഭയുടെയും കൂട്ടായ്മയുടെയും ഈ മാതൃകാപരമായ പ്രവര്‍ത്തനം നാടിന്റെയൊട്ടാകെ പ്രശംസ പിടിച്ചുപറ്റി.

ADVERTISEMENT
error: Content is protected !!