എരുമപ്പെട്ടി മങ്ങാട്- തൃശൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ ടിപ്പര്‍ ലോറികളില്‍ കയറ്റിപ്പോയിരുന്ന കരിങ്കല്ല് റോഡിലേക്ക് തെറിച്ചു വീഴുന്നത് പതിവാകുന്നു. വാഹനയാത്രക്കാരും കാല്‍നടക്കാരും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത്.കാട്ടപ്പുറം-ആറ്റത്ര റോഡ് കവല യിലെ വലിയ വളവിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു ലോറികളില്‍ നിന്ന് ഓരോ കരിങ്കല്ലുകള്‍ റോഡിലേക്ക് തെറിച്ച് വീണത്. ലോറികളുടെ ബോഡിക്ക് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന തരത്തില്‍ അമിതമായി കല്ലുകള്‍ കയറ്റി വളവില്‍ വേഗത കുറയ്ക്കാതെ അമിത വേഗതയില്‍ വളച്ചൊടിക്കുന്നതുമാണ് കല്ലുകള്‍ തെറിച്ച് വീഴാന്‍ ഇടയാക്കുന്നത്.റോഡരുകിലെ വീട്ടിലുള്ള നിരീക്ഷണ ക്യാമറയില്‍ കല്ല് വീഴുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.ഒരു ലോറിയില്‍നിന്ന് വീണ കരിങ്കല്ല് റോഡരികിലെ പുല്ലിലേക്ക് തെറിച്ചുവീണു. മറ്റൊരു ലോറിയില്‍നിന്നു തെറിച്ച കരിങ്കല്ല് റോഡിലാണ് വീണത്.തൊട്ടുപിന്നില്‍ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇതിനുമുമ്പും പലതവണ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുട്ടിക്കല്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് അമിത ലോഡുമായി ടിപ്പര്‍ ലോറികള്‍ ഈ റോഡിലൂടെ ചീറിപ്പായുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തൃശ്ശൂരിലേക്കും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എളുപ്പമാര്‍ഗമായതിനാല്‍ ഈ റോഡിലൂടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. വാഹനത്തില്‍നിന്ന് കല്ലുവീണാലും ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാതെ കടന്നുപോകുന്നതാണ് പതിവാണ്. അപകടം ആവര്‍ത്തിക്കാതിക്കാന്‍ പോലീസും മറ്റു അധികാരികളും നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
\



