ഗുരുവായൂര്‍ തൊഴിയൂരില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. തൊഴിയൂര്‍ ആയിരംകണ്ണി ഉന്നതിയില്‍ ചട്ടിക്കല്‍ ഷിബുവിന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. അയല്‍വാസി തൂമാട്ട് അമ്മിണിയുടെ വീട്ടുപറമ്പിലെ തെങ്ങാണ് കാറ്റില്‍ മുറിഞ്ഞ് ഷിബുവിന്റെ വീടിന് മുകളിലേക്ക് വീണത്. അപകടത്തില്‍ അമ്മിണിയുടെ സ്ലാബ് മതിലും തകര്‍ന്നു. തെങ്ങ് വീണ് തകര്‍ന്ന ഓടുകളും തേങ്ങകളും വീടിനുള്ളിലേക്ക് പതിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉറക്കമുണര്‍ന്ന് പുറത്തേക്ക് ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തെങ്ങ് വൈദ്യുതി ലൈനിലേക്ക് പതിച്ചതിനെ തുടര്‍ന്ന് രണ്ട് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.



