ഗുരുവായൂരില്‍ അനധികൃതമായി കുടിവെള്ളം ശേഖരിച്ച് വില്‍പ്പന നടത്തിയെന്ന പരാതിയില്‍ നഗരസഭ ആരോഗ്യവിഭാഗം സ്റ്റോപ്പ് മെമ്മോ നല്‍കി. മമ്മിയൂര്‍ ഇ.കെ. നായനാര്‍ റോഡിലെ ബാലാജി സ്റ്റോഴ്‌സ് ഉടമ ചെറുപറമ്പില്‍ ബിജീഷിനെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്.കുഴല്‍ക്കിണറില്‍നിന്ന് വെള്ളം ശേഖരിച്ച് വീടിന് മുകളിലെ ടാങ്കില്‍ സംഭരിച്ച് ഫില്‍ട്ടര്‍ ചെയ്തശേഷം ‘പ്രവ്ത വാട്ടര്‍’ എന്ന പേരില്‍ വില്‍പ്പന നടത്തിയെന്നാണ് പരാതി. പ്രമുഖ കമ്പനികളുടെ ലേബല്‍ പതിച്ച കുപ്പികളില്‍ വെള്ളം നിറച്ച് ലിറ്ററിന് ഒരു രൂപ നിരക്കില്‍ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിതരണം ചെയ്തിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ എന്‍.എസ്. ഷൈന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. ഹര്‍ഷിദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് പേരോത്ത് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബ് സംവിധാനമോ കുപ്പികള്‍ അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യമോ സ്ഥാപനത്തില്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി നഗരസഭ അധികൃതര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയും നഗരസഭയുടെ ലൈസന്‍സും ഇല്ലാതെ കുടിവെള്ള വിതരണം നടത്തരുതെന്നും സ്റ്റോപ്പ് മെമ്മോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, നഗരത്തിലെ മാലിന്യത്തൊട്ടിയായി കണക്കാക്കുന്ന വലിയ തോടിന് സമീപത്തുനിന്നാണ് വെള്ളം ശേഖരിച്ചിരുന്നതെന്നും, വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.



