24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam നിയമസഭ തിരഞ്ഞെടുപ്പില്‍ കുന്നംകുളം മണ്ഡലത്തില്‍ യു.ഡി.എഫിനായി സി.എം.പി മത്സരിക്കുമെന്ന് സൂചന

നിയമസഭ തിരഞ്ഞെടുപ്പില്‍ കുന്നംകുളം മണ്ഡലത്തില്‍ യു.ഡി.എഫിനായി സി.എം.പി മത്സരിക്കുമെന്ന് സൂചന

നിയമസഭ തിരഞ്ഞെടുപ്പില്‍ കുന്നംകുളം മണ്ഡലത്തില്‍ യു.ഡി.എഫിനായി സി.എം.പി മത്സരിക്കുമെന്ന് സൂചന. തിരുവനന്തപുരം സെന്‍ട്രലിന് പുറമെ കഴിഞ്ഞ തവണ മത്സരിച്ച നെന്‍മാറയ്ക്ക് പകരം കുന്നംകുളം കൂടി സി.എം.പി നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പില്‍ കുന്നംകുളം നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിനായി ഒരിക്കല്‍ കൂടി സി.എം.പി രംഗത്തിറങ്ങിയേക്കും.

സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ കുന്നംകുളം സീറ്റ് ആവശ്യപ്പെട്ടതായാണ് ഒടുവില്‍ വരുന്ന സൂചന. കഴിഞ്ഞ തവണ നെന്‍മാറ സീറ്റില്‍ മാത്രമാണ് സി.എം.പി. മത്സരിച്ചിരുന്നത് എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇക്കുറി രണ്ട് സീറ്റ് നല്‍കുമെന്ന ഉറപ്പ് സി.എം.പി നേതാക്കള്‍ക്ക് നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രലില്‍ ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെ കുറെ ഉറപ്പായിട്ടുണ്ട്. രണ്ടാം സീറ്റായി കോഴിക്കോട് ജില്ലയിലെ കുന്നമംഗലമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ‘മുസ്ലീം ലീഗ് മത്സരിക്കുന്ന സീറ്റായതിനാല്‍, വിട്ടു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായില്ല. സി.എം.പിയോട് നീതി പുലത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇക്കുറി നീതി ഉറപ്പാക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പൊതുവേദിയില്‍ പ്രഖ്യാപനം നടത്തിയിരുന്നു.ഇതോടെയാണ് കഴിഞ്ഞ രണ്ട് തവണ സി.പി. ജോണ്‍ മത്സരിച്ച കുന്നംകുളം ആവശ്യപ്പെട്ടത്. കുന്നംകുളം വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മതം അറിയിച്ചതായും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ തവണ നെന്‍മാറയില്‍ മത്സരിച്ച സി.എന്‍. വിജയകൃഷ്ണന്‍ കുന്നംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും. സംസ്ഥാനത്തെ മികച്ച സഹകാരിയും എം.വി. ആര്‍. കാന്‍സര്‍ സെന്ററിന്റെയും, കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയും ചെയര്‍മാനുമാണ് വിജയകൃഷ്ണന്‍.

ADVERTISEMENT
error: Content is protected !!