കടങ്ങോട് മല്ലന്‍കുഴി നീര്‍ത്തട പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ഗ്രാമീണ ടൂറിസം ലക്ഷ്യമിട്ട് കടങ്ങോട് ഗ്രാമപഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മഴക്കാല വിനോദ സഞ്ചാര കേന്ദ്രമാണ് കടങ്ങോട് മല്ലന്‍കുഴി. വനത്തിനോട് ചേര്‍ന്നൊഴുകുന്ന നീര്‍ച്ചോലയും വെള്ളച്ചാട്ടവും മല്ലന്‍ കാവും പ്രകൃതി ആസ്വാദന വിനോദ സഞ്ചാരികളേയും മഴക്കാലത്ത് ഇവിടേയ്ക്ക് ആകര്‍ഷിക്കാറുണ്ട്. മല്ലന്‍ കുഴിയില്‍ മുങ്ങി കുളിച്ച് പിതൃ ബലി തര്‍പ്പണം നടത്തുന്നതിനായി നൂറ് കണക്കിന് ഭക്തരും മല്ലന്‍ കാവില്‍ എത്താറുണ്ട്. എന്നാല്‍ വേനല്‍ കനത്താല്‍ മല്ലന്‍ക്കുഴി വറ്റി വരളും. മഴക്കാലത്ത് വെള്ളം തടഞ്ഞ് നിര്‍ത്തുവാന്‍ സംവിധാനമില്ലാത്തതാണ് വരള്‍ച്ചയ്ക്ക് ഇടയാക്കുന്നത്.
ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ചീര്‍പ്പുകളോടു കൂടിയുള്ള തടയണ നിര്‍മ്മിക്കുവാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷന്റെ രണ്ട് കോടി നാല്‍പ്പത് ലക്ഷം രൂപയും ( 2.40 കോടി) ഗ്രാമ പഞ്ചായത്ത് തന്നത് ഫണ്ട് 4,87000 രൂപയും ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.