അഖിലകേരള തായമ്പക മത്സരത്തില്‍ അതുല്‍ കെ മാരാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി

40 വര്‍ഷക്കാലം വാദ്യകലാരംഗത്ത് ശ്രദ്ധേയമായ നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീര ശൃംഖലാസമര്‍പ്പണത്തിന്റെ ഭാഗമായി 15 വയസിനും 25 വയസിനും ഉള്ളിലുള്ളവര്‍ക്കായി നടത്തിയ തായമ്പക മത്സരത്തിലാണ് അതുല്‍ ഒന്നാം സ്ഥാനം നേടിയത്. കാസര്‍കോട് ജില്ലയിലെ നീലേശ്വരം പൗരാവലി അമൃതം പ്രമോദം എന്ന പേരില്‍ നടത്തിയ സമാദരണ സദസ്സില്‍ വാദ്യ കുലപതിയും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ , അതുല്‍ കെ മാരാര്‍ക്കും , രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കല്ലേക്കുളങ്ങര ആദര്‍ശിനും , സദനം അശ്വിന്‍ മുരളിക്കും പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിയായ അതുല്‍ കക്കാട് മാരാത്ത് പരേതനായ കൃഷ്ണകുമാര്‍ മാരാരുടെയും പത്മപ്രിയയുടെയും മകനാണ്. ഗുരുനാഥനും ചെറിയച്ഛനുമായ കക്കാട് വാദ്യകല ക്ഷേത്രത്തിലെ രാജപ്പന്മാരാരാരുടെ ശിക്ഷണത്തിലാണ് അതുല്‍ തായമ്പക അഭ്യസിച്ചത്.