ഓണത്തോടനുബന്ധിച്ച് നഗരത്തിലെ ഗതാഗത ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു

 

കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ പോലീസ് സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് നഗരസഭയില്‍ ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗം പോലീസിനോട് ആവശ്യപ്പെട്ടു. ഓണത്തോടനുബന്ധിച്ച് നഗരത്തിലെ ഗതാഗത ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ചേമ്പറില്‍ ഉപദേശക സമിതി യോഗം ചേര്‍ന്നത്. വണ്‍വേ സമ്പ്രദായം കര്‍ശനമായും നടപ്പാക്കണം. പഴയ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത വിധത്തില്‍ ആല്‍ത്തറ – വടക്കാഞ്ചേരി ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകള്‍ കയറ്റി നിര്‍ത്തണം. ഗവ.ഗേള്‍സ് ഹൈസ്‌കൂളിന് മുന്നില്‍ നിന്നും കുട്ടികളെ കയറ്റണം. പാറേമ്പാടം അയ്യപ്പത്ത് റോഡിലെ ഗതാഗത തടസ്സം നീക്കം ചെയ്യണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. ഗതാഗത തടസ്സം നേരിടുന്ന അവസരത്തില്‍ അയ്യപ്പത്ത് റോഡ് വഴിയാണ് ബസുകള്‍ തിരിച്ചുവിടാറുള്ളത്. ബസ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിംഗ് തടയണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. ബസുടമസ്ഥ സംഘടനയായ കെ ബി ടി എ ഓണത്തിന് മുമ്പ് ബസ്റ്റാന്‍ഡിനുള്ളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.