കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു

ബാല – കൗമാര കലകളുടെ കേളികൊട്ടുമായി കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു. 4 ദിവസം നീണ്ടു നില്‍ക്കുന്ന മേളയുടെ ആദ്യദിനത്തില്‍ സ്‌റ്റേജിതര മത്സരങ്ങളാണ് പ്രധാനമായും നടന്നത്. 12 വേദികളിലായി 260 ഇനങ്ങളിലായി ആറായിരത്തല്‍പരം വിദ്യാര്‍ത്ഥികള്‍ കലാമേളയുടെ പ്രഥമദിനത്തില്‍ നടന്നത് രചനാ മത്സരങ്ങളും, ചൊല്ലല്‍ ഇനങ്ങളും, പ്രസംഗവുമായിരുന്നു. ചിത്രരചന, പെന്‍സില്‍ ഡ്രോയിംഗ്, ജലച്ഛായം, കോളാഷ്, കാര്‍ട്ടൂണ്‍, വിവിധ ഭാഷകളിലെ പദ്യം ചൊല്ലല്‍, ലളിതഗാനം, ഉപന്യാസ-കഥാ-കവിതാരചനകള്‍, വിവിധ ഭാഷകളിലെ പ്രസംഗം എന്നിവയാണ് അരങ്ങ് തകര്‍ത്തത്. കൈയ്യെഴുത്ത്, തര്‍ജ്ജമകള്‍, പദകേളി, പദനിര്‍മ്മാണം,, പോസ്റ്റര്‍ നിര്‍മ്മാണം, പ്രശ്‌നോത്തരി എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ നടന്നു.

കുന്നംകുളം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പ്രധാന വേദി ഒരുക്കിയിരിക്കുന്നത്. ഗേള്‍സ് സ്‌കൂളിന് പുറമേ ഗവ.എല്‍.പി സ്‌ക്കൂള്‍, ടൗണ്‍ഹാള്‍, സി.എം.എസ് പി.ജി സ്‌കൂള്‍, സ്‌നേഹാലയം ഡെഫ് സ്‌കൂള്‍ എന്നിവിടങ്ങളിലും വേദികളുണ്ട്. ടൗണ്‍ഹാളിലാണ് ഭോജനശാല ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച കാലത്ത് 8.30ന് പ്രധാന വേദിയായ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ.മൊയ്തീന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം എംഎല്‍എ എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഗാനരചയിതാവ് ബി. കെ ഹരിനാരായണന്‍ മുഖ്യ അതിഥിയാകും.