കടങ്ങോട് പഞ്ചായത്തിലെ എയ്യാല്‍ ചിറ്റിലങ്ങാട് വന്‍ മണ്ണ് ഖനനത്തിന് നീക്കം. കുന്നിടിച്ചുള്ള മണ്ണെടുപ്പ് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടി കാട്ടി നാട്ടുകാര്‍ തടഞ്ഞു. കടങ്ങോട് പഞ്ചായത്തില്‍ 14-ാം വാര്‍ഡിലെ ചിറ്റിലങ്ങാട് കുന്നിലാണ് മണ്ണെടുപ്പ് ആരംഭിച്ചിട്ടുള്ളത്. പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ മണ്ണെടുപ്പ് തടഞ്ഞു. കെട്ടിട നിര്‍മ്മാണത്തിനെന്ന വ്യാജേന പഞ്ചായത്തില്‍ നിന്ന് പെര്‍മിറ്റ് കരസ്ഥമാക്കി ജിയോളജി വകുപ്പിന്റെ അനുമതി നേടിയാണ് മണ്ണ് ഖനനം നടത്തുന്നതെന്നും ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാവുന്ന മണ്ണ് കച്ചവടമാണ് ലക്ഷ്യമെന്നും നാട്ടുകാര്‍ പറയുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ രീതിയില്‍ കുന്നിടിച്ച് മണ്ണെടുപ്പ് നടത്തിയിട്ടുള്ള പ്രദേശമാണ് ചിറ്റിലങ്ങാട്. എല്ലാ മഴക്കാലത്തും പ്രദേശവാസികള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടാറുണ്ട്. എന്നാല്‍ 35 സെന്റിലധികം വരുന്ന സ്ഥലത്ത് വന്‍ ഖനനം നടത്തിയ മണ്ണ് കടത്തുവാനാണ് ശ്രമമെന്നും ഭൂവുടമയ്ക്ക് പകരം മണ്ണ് മാഫിയ സംഘമാണ് ഖനനം നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.