വീട്ടിലെ മാലിന്യം റോഡില്‍; പഞ്ചായത്തിന് അനങ്ങാപ്പാറ നയമെന്ന് നാട്ടുകാര്‍

Advertisement

Advertisement

വീട്ടിലെ മാലിന്യം റോഡില്‍, പഞ്ചായത്തിന് അനങ്ങാപ്പാറ നയമെന്ന് നാട്ടുകാര്‍. വടക്കേക്കാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ സ്വകാര്യവ്യക്തികള്‍ ചാക്കില്‍ കൂട്ടി വെച്ച അജൈവ മാലിന്യങ്ങള്‍ മാസങ്ങളായി തെരുവോരങ്ങളില്‍ കെട്ടിക്കിടപ്പാണ്. പഞ്ചായത്തിന്റെ ഖരമാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് എടുത്തു കൊണ്ടു പോകുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ അങ്ങിനെയൊരു കേന്ദ്രം ഇത് വരേയും പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടില്ല. ഏതാനും വാഡുകളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ നായരങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിന് മുമ്പില്‍ കൂട്ടിയിട്ട് ആഴ്ചകള്‍ക്ക് ശേഷം ജില്ലയിലെ ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് അയച്ചു. അതേ സമയം പതിമൂന്നാം വാഡിലെ മാലിന്യങ്ങള്‍ കൂടികിടന്നതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ കൊമ്പത്തേല്‍പ്പടി -ഐ.സി .എ റോഡരുകില്‍ കൂട്ടിയിട്ട ചാക്കുകള്‍ വിണ്ടുകീറി ഖരമാലിന്യങ്ങള്‍ റോഡില്‍ പരന്നത് പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നു. ബന്ധപ്പെട്ട പഞ്ചായത്തംഗത്തെ അറിയിക്കുമ്പോള്‍ അദ്ദേഹം നിസ്സഹായത പ്രകടിപ്പിക്കുകയാണ് പതിവെന്ന് പറയുന്നു.