പുന്നയൂര്‍ പഞ്ചായത്തിലെ യു.പി തലത്തിലെ മികച്ച ശുചിത്വമുള്ള വിദ്യാലയമായി മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിനെ തെരഞ്ഞെടുത്തു. പുന്നയൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഹരിതസേന ഇക്കോ സെന്‍സ് സ്കോളര്‍ഷിപ്പ് ശുചിത്വ പഠനോത്സവത്തിലാണ് പ്രഖ്യാപനം. മാലിന്യപരിപാലന മേഖലയിലെ മികച്ച മാതൃക, അവതരണം, മാലിന്യത്തില്‍ നിന്ന് പഠനോപകരണങ്ങളും കളിക്കോപ്പുകളും ഒരുക്കിയുള്ള പ്രദര്‍ശനം എന്നിവ പരിഗണിച്ചാണ് പുരസ്കാരം. പ്രത്യേക ഉപഹാരവും വിദ്യാലയത്തിന് ലഭിച്ചു. ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം നല്കി. വൈസ് പ്രസിഡന്റ് ഐ.പി. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ഇക്കോ സെന്‍സ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. തദ്ദേശസ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പദ്ധതിയിലൂടെ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ മാലിന്യപരിപാലന മനോഭാവവും സമൂഹത്തില്‍ ശുചിത്വബോധവും വളര്‍ത്തുകയാണ് ലക്ഷ്യം. ഐ.ആര്.ടി.സി കോഡിനേറ്റര്‍ ബി.എസ്. ആരിഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നസീറ അഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്വാലിഹ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാഖി ഏണസ്റ്റ്, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മുബീന സലീം സ്വാഗതവും വിദ്യാഭ്യാസം ഇംപ്ലിമെന്റിങ് ഓഫീസര്‍ സുനിത മേപ്പുറത്ത് നന്ദിയും പറഞ്ഞു.



