കൊരട്ടിക്കര കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

കൊരട്ടിക്കര കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കഴിഞ്ഞ 14 വര്‍ഷമായി കൊരട്ടിക്കര മേഖലയില്‍ തരിശായി കിടക്കുന്ന ഭൂമി ഏറ്റെടുത്ത് പച്ചക്കറി കൃഷിയും പൂ കൃഷിയും കൂട്ടായ്മ നടത്തിവരുന്നുണ്ട്. കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കരയിലുള്ള ഡോ. ഷമീര്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള തരിശായി കിടക്കുന്ന 60 സെന്റ് സ്ഥലത്താണ് കൂട്ടായ്മ വിവിധതരം ചെണ്ടുമല്ലികളുടെ കൃഷി ആരംഭിച്ചിരിക്കുന്നത്. കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് എം.ബാലാജി തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കര്‍ഷക സംഘം കുന്നംകുളം ഏരിയ സെക്രട്ടറി കെ.കൊച്ചനിയര്‍, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പള്ളി, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീജ വേലായുധന്‍, കൊരട്ടിക്കര കര്‍ഷക കൂട്ടായ്മ അംഗങ്ങളും പങ്കെടുത്തു.