കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ നിറമാല ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി എടപ്പാള്‍ സോപാനം വനിത പഞ്ചവാദ്യസംഘം അവതരിപ്പിച്ച പഞ്ചവാദ്യം ശ്രദ്ദേയമായി.ക്ഷേത്രത്തില്‍, രാവിലെ വിശേഷാല്‍ പൂജകളും പ്രഭാതഭക്ഷണവും ഉണ്ടായിരുന്നു. മേല്‍ശാന്തി മഹേന്ദ്രന്‍ നമ്പൂതിരി കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. വൈകീട്ട് നിറമാല, ദീപാരാധന എന്നിവയ്ക്കു ശേഷമാണ്, 50 പേരടങ്ങുന്ന സോപാനം വനിതാ പഞ്ചവാദ്യ സംഘത്തിന്റെ ഫുള്‍ സെറ്റ് പഞ്ചവാദ്യം ക്ഷേത്രത്തില്‍ അരങ്ങേറിയത്. വാദ്യകലയില്‍ പെണ്‍കരുത്തിന്റെ പെരുമ വിളിച്ചോതിയ ചരിത്രമാണ് എടപ്പാള്‍ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിനുള്ളത്. സംസ്ഥാനത്തെ ആദ്യത്തെ പ്രഫഷണല്‍ വനിത പഞ്ചവാദ്യ സംഘം. 7 വയസ്സു മുതല്‍ 70 വയസ്സുവരെയുള്ളവര്‍ സംഘത്തിലുണ്ട്. കഴിഞ്ഞ വനിതാദിനത്തിനായിരുന്നു അരങ്ങേറ്റം. സോപാനം ഡയറക്ടറും ഗുരുവുമായ സന്തോഷ് ആലംങ്കോടാണ് സംഘത്തിനെ ഒരുക്കിയത്. വാദ്യകലയുടെ വിവിധ മേഖലകളില്‍ സ്ത്രീ സാന്നിധ്യം ഉണ്ടെങ്കിലും ശാസ്ത്രീയമായി മികവ് പുലര്‍ത്തുന്നവര്‍ കുറവാണെന്നു കണ്ടെത്തിയതാണു വഴിത്തിരിവായത്. വനിതാ പഞ്ചവാദ്യം എന്ന ആശയം ഉരുത്തിരിഞ്ഞപ്പോള്‍ തന്നെ പിന്തുണയുമായി ഒട്ടേറെ പേര്‍ എത്തിയത് സന്തോഷിന് പ്രചോദനമായി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മരാര്‍, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയ പ്രഗത്ഭര്‍ ഉപദേശകരായി. 2016ല്‍ ആദ്യ ശ്രമം നടത്തിയെങ്കിലും പൂര്‍ണവിജയം കണ്ടിരുന്നില്ല. നിരന്തര പ്രവര്‍ത്തനത്തിന്റെ ഫലമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ത്രീകള്‍ പഠനത്തിന് തയാറായതോടെ സമ്പൂര്‍ണ്ണ വനിതാ പഞ്ചവാദ്യ സംഘം എന്ന സന്തോഷിന്റെ സ്വപ്നം സഫലമായി. എല്ലാവര്‍ക്കും സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. ഇപ്പോള്‍ സംഘത്തിലെ എഴുപതോളം സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗം കൂടിയാണ് ഈ കല.



