ഭാരതീയ പ്രാകൃതിക് കൃഷി പദ്ധതിയുടെ ഭാഗമായി ജൈവ കൃഷി സ്ഥലം സന്ദര്‍ശിച്ചു

24

ഭാരതീയ പ്രാകൃതിക് കൃഷി പദ്ധതിയുടെ പരിശീലനത്തിന്റെ ഭാഗമായി ചൊവ്വന്നൂര്‍ കൃഷി അസി. ഡയറക്ടറുടെ നേതൃത്വത്തില്‍ കൃഷി ഉദ്യോഗസ്ഥരും കര്‍ഷകരും കടവല്ലൂര്‍ മാനംകണ്ടത്ത് മുഹമ്മദ് ഹാജിയുടെ ജൈവ കൃഷി സ്ഥലം സന്ദര്‍ശിച്ചു. പരമ്പരാഗത കൃഷി പ്രോത്സാ ഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പരമ്പരാഗത് കൃഷി വികാസ് യോജനയുടെ കീഴിലാണു രാജ്യത്ത് ഭാരതീയ പ്രാകൃതിക് കൃഷി പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത കൃഷി അറിവുകള്‍ കര്‍ഷകരിലേക്ക് എത്തിക്കുക, അതത് പ്രദേശങ്ങളിലെ പരമ്പരാഗത വിളകളുടെ തനിമ നഷ്ടപ്പെടാതെ വിത്ത് ഉല്‍പാദിപ്പിച്ചു കര്‍ഷകര്‍ക്കു വിതരണം ചെയ്യുക, ജൈവകൃഷി വിപുലീകരിക്കുക തുടങ്ങിയവയാണു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് പരിശീലനത്തിന് എത്തിയത്. കടവല്ലൂരിലെ പരിശീലനത്തിനു ശേഷം കൈപ്പറമ്പിലെ ഉണ്ണിക്കൃഷ്ണന്റെ കൃഷിസ്ഥലവും സന്ദര്‍ശിച്ച ശേഷമാണ് സംഘം മടങ്ങിയത്.