പുന്നയൂരിലെ ആലാപ്പാലം ആധുനിക വാതക ശ്മശാനം തുറന്നത് കൊടുക്കാത്തതിനാല്‍ പ്രതിഷേധം ശക്തം. രാഷ്ട്രീയഭേദമന്യേ നാട്ടുകാര്‍ ഭരണസമിതിക്കെതിരെ തിരിയുന്നു. പി.പി.ഫൈസല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.അനേകം പ്രതിസന്ധികള്‍ മറികടന്ന് നിര്‍മിച്ച ശ്മശാനത്തിന് നേരിട്ട താല്‍ക്കാലിക തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തത് നിലവിലെ ഭരണസമിതിയുടെ വീഴ്ചയായി തന്നെ ജനം വിലയിരുന്ന സ്ഥിതിയാണ്. നിലവില്‍ തൊട്ടടുത്ത വടക്കേക്കാട് പഞ്ചായത്തിലും ശ്മശാനം പ്രവര്‍ത്തികമായിട്ടില്ല. ഇത് മൂലം ഒരാള്‍ മരിച്ചാല്‍ സംസ്‌ക്കാരം നടത്തണമെങ്കില്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ ആംബുലന്‍സിലും മറ്റ് ചിലവുകള്‍ക്കുമായി വലിയ തുകയാണ് വരുന്നത്. മറ്റിടങ്ങളില്‍ സംസ്‌ക്കാരത്തിന് കൊണ്ടുപോകുമ്പോള്‍ ആ നാട്ടുകാര്‍ക്ക് ആദ്യ പരിഗണന ലഭിക്കുക. ഒന്നര കോടി രൂപ ചെലവിട്ട് 9 മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത ശ്മശാനം രാഷ്ട്രീയ പോരില്‍ അടച്ചതില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ബര്‍ണറുകള്‍ പ്രവര്‍ത്തിക്കാതെ മൃതദേഹം ഭാഗികമായി കത്തി ചേംബറില്‍ കുടുങ്ങിയിരുന്നു. പിന്നീട് ജനറേറ്റര്‍ ഉപയോഗിച്ച് സംസ്‌കാരം പൂര്‍ത്തിയാക്കിയ ശേഷം ശ്മശാനം അടച്ചിടാന്‍ പഞ്ചായത്ത് നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ ശ്മശാനം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തിയിരുന്നങ്കിലും നിലവിലെ ഭരണസമിതി പ്രശ്‌നപരിഹാരത്തിനായ് ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറായിട്ടില്ല. യന്ത്രം സ്ഥാപിച്ച റെയ്ഡ്‌കോ അധികൃതര്‍ സാങ്കേതിക തകരാര്‍ പരിഹരിച്ച് യന്ത്രം പ്രവര്‍ത്തന സജ്ജമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ശ്മശാനം തുറക്കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.



