റോഡരികില്‍ നിന്ന് രണ്ടു പവന്റെ സ്വര്‍ണ്ണമാല ലഭിച്ചപ്പോള്‍ അതിന്റെ വിലയല്ല, ഉടമയുടെ വിഷമമാണ് സനൂജയും ഷൈനയും ഓര്‍ത്തത്. മാല സ്വന്തമാക്കാതെ ഉടമയെ കണ്ടെത്തി തിരികെ നല്‍കി മാതൃകയായിരിക്കുകയാണ് ഇരുവരും.ഗുരുവായൂര്‍ പടിഞ്ഞാറെനട കമ്പിപ്പാലം ചാരുപടിക്കല്‍ സിജിത്തിന്റെ ഭാര്യ സനൂജക്കും കുര്‍ക്കപ്പറമ്പില്‍ ദിനേശിന്റെ ഭാര്യ ഷൈനക്കുമാണ് കഴിഞ്ഞ ദിവസം വൈകീട്ട്, സായാഹ്നസവാരിക്ക് ഇറങ്ങിയപ്പോള്‍, മമ്മിയൂര്‍ മഹിളാ സമാജം ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നിന്ന് സ്വര്‍ണമാല ലഭിക്കുന്നത്. ഗുരുവായൂരപ്പന്റെ ലോക്കറ്റോടുകൂടിയ മാല, സ്വര്‍ണമാണെന്ന് ഉറപ്പാക്കിയ ഇരുവരും ഉടന്‍ മുന്‍ വാര്‍ഡ് കൗണ്‍സിലറും അധ്യാപികയുമായ രേണുക ശങ്കറിനെ വിവരമറിയിച്ചു. സമീപപ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനായിരുന്നു എല്ലാവരും പറഞ്ഞതെങ്കിലും ഉടമയെ നേരിട്ട് ഏല്‍പ്പിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. അങ്ങനെയാണ് രേണുകശങ്കറിനെ സമീപിക്കുന്നത്. രേണുക വിവരം വാര്‍ഡ് ഗ്രൂപ്പില്‍ പങ്കുവെച്ചു. ഇതിനിടെ മാലയുടെ ഉടമയായ പടിഞ്ഞാറെ നട രോഹിത് നിവാസില്‍ രോഹിത് വീട്ടിലെത്തി, തന്റെ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കുകയായിരുന്നു. എന്‍.എസ്.എസ് ചാവക്കാട് താലൂക്ക് ആസ്ഥാനമന്ദിരത്തിലെ ക്ലാര്‍ക്കായ രോഹിത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മാലയുടെ കൊളുത്ത് അഴിഞ്ഞ് താഴെ വീണത്.
വാര്‍ഡ് ഗ്രൂപ്പിലെ സന്ദേശം കണ്ട രോഹിത്തിന്റെ വീട്ടുകാര്‍ രേണുക ശങ്കറുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് മാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവുകളും വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി. രേണുക ശങ്കറിന്റെ സാന്നിധ്യത്തില്‍ സനൂജയും ഷൈനയും സ്വര്‍ണമാല രോഹിത്തിന് കൈമാറി.



