കനത്ത മഴയില്‍ ചാവക്കാട് മേഖലയിലെ ദേശീയപാത സര്‍വീസ് റോഡുകള്‍ വെള്ളക്കെട്ടില്‍ മുങ്ങുന്നു. റോഡിന്റെ ഇരുവശങ്ങളിലും കാനകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാത്തതിനാല്‍ യാത്രക്കാരുടേയും വ്യാപാരികളുടേയും ദുരിതം തുടരുകയാണ്. എടക്കഴിയൂര്‍, തിരുവത്ര, മണത്തല തുടങ്ങിയ ഭാഗങ്ങളിലാണ് യാത്രാദുരിതം ഏറ്റവും രൂക്ഷമായിരിക്കുന്നത്.ദേശീയപാതയില്‍ നിന്നുള്ള മഴവെള്ളം കുത്തനെ സര്‍വീസ് റോഡിലേക്ക് ഒഴുകിയെത്തുകയാണ് പതിവ്. എന്നാല്‍ ഈ വെള്ളം ഒഴുകിപ്പോകേണ്ട കാനകളില്‍ പലയിടത്തും ഓഴുക്ക് തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ റോഡില്‍ തന്നെ വെള്ളം കെട്ടിക്കിടക്കുന്നു. ഇത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ വലിയ പ്രയാസം സൃഷ്ടിക്കുന്നണ്ട് . ചില ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചുകയറുന്നുണ്ട്. ഇത് കച്ചവടക്കാരെയും ദുരിതത്തിലാഴ്ത്തുന്നു.നാളുകളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ശക്തമായ ആവശ്യം.



