28.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Punnayurkulam വാതക ശ്മശാനം തുറക്കണമെന്ന ആവശ്യം ശക്തം; പഞ്ചായത്തിന് മുന്നിൽ പ്രതിപക്ഷത്തിന്റെ കുത്തിയിരിപ്പ് സമരം

വാതക ശ്മശാനം തുറക്കണമെന്ന ആവശ്യം ശക്തം; പഞ്ചായത്തിന് മുന്നിൽ പ്രതിപക്ഷത്തിന്റെ കുത്തിയിരിപ്പ് സമരം

3

 

പുന്നയൂരിലെ ആധുനിക വാതക ശ്മശാനം തുറക്കുന്നത് സംബന്ധിച്ച് നിര്‍മ്മാണ കമ്പനി നല്‍കിയ കത്ത് ഭരണസമിതി യോഗത്തില്‍ അജണ്ടയാക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചും, ശ്മശാനം അടിയന്തിരമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ടും പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെമ്പര്‍മാര്‍ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് പഞ്ചായത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. മെമ്പര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ നേതാക്കളും എത്തി പ്രതിഷേധത്തില്‍ പങ്കാളികളായി. ജൂലൈ 5ന് പഞ്ചായത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍, ശ്മശാനത്തില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ജൂലൈ 25നകം പരിഹരിച്ച് ആധുനിക വാതക ശ്മശാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഭരണസമിതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജൂലൈ മാസം അവസാനിക്കുന്നതുവരെ ശ്മശാനത്തിലെ തകരാറുകള്‍ പരിഹരിക്കുന്നതിനായി നിര്‍മ്മാണ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍പോലും ഭരണസമിതി തയ്യാറായില്ല. അനാവശ്യമായി മാസങ്ങള്‍ നീട്ടിക്കൊണ്ടുപോയതിന് ശേഷം, സെപ്റ്റംബര്‍ 6നകം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന വ്യവസ്ഥയില്‍ നിര്‍മ്മാണ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. ശ്മശാനം പ്രവര്‍ത്തിക്കുന്നതിനിടെ ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ ഉണ്ടായാല്‍ അവ നിര്‍മ്മാണ കമ്പനി സ്വന്തം ചെലവില്‍ പരിഹരിക്കണമെന്ന് നേരത്തെ തന്നെ നിലവിലുള്ള കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ കരാര്‍ വ്യവസ്ഥ ഉപയോഗപ്പെടുത്തി ശ്മശാനത്തില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ച് അത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭരണസമിതി തയ്യാറായിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.

 

 

ADVERTISEMENT
error: Content is protected !!