പുന്നയൂര്‍ക്കുളം പരൂര്‍ ശിവ ക്ഷേത്രത്തില്‍ നടന്ന 23-ാമത് ദേശവിളക്കും അന്നദാനവും സമാപിച്ചു. തിങ്കളാഴ്ച ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ക്ഷേത്രം ശാന്തി രവീന്ദ്രന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. വൈകിട്ട് 6:30ന് ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ച് 10 മണിക്ക് ക്ഷേത്രത്തിലെ വിളക്ക് പന്തലില്‍ എത്തിച്ചേര്‍ന്നു. താലമേന്തിയ മാളികപ്പുറങ്ങളും ഉടുക്കുപാട്ടും എഴുന്നള്ളിപ്പിന് കൊഴുപ്പേകി. തുടര്‍ന്ന് പൊലിപ്പാട്ടും പുലര്‍ച്ചെ മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നും പാല്‍ക്കുടം എഴുന്നള്ളിപ്പ്, തിരിഉഴിച്ചില്‍, കനലാട്ടം, വെട്ടും തടവും ഉണ്ടായി. മരത്തംകോട് മഠപതി ജ്യോതി പ്രകാശ് മകന്‍ ആന്‍ഡ് പാര്‍ട്ടി വിളക്ക് പാര്‍ട്ടിക്ക് നേതൃത്വം നല്‍കി. രെനീഷ് കലാമണ്ഡലം ആന്‍ഡ് പാര്‍ട്ടി പഞ്ചവാദ്യത്തിനും നേതൃത്വം നല്‍കി. ക്ഷേത്രത്തിലെത്തിയ മുഴുവന്‍ ഭക്തര്‍ക്കും സുഭിക്ഷമായ അന്നദാനവും ഒരുക്കിയിരുന്നു. പരൂര്‍ അയ്യപ്പ വിളക്ക് കമ്മിറ്റി പ്രസിഡണ്ട് കൃഷ്ണന്‍ കരിപ്പോട്ട്, സെക്രട്ടറി രവി പാറക്കാട്ട്, ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് മോഹനന്‍ പൊലിയത്ത്, സെക്രട്ടറി ശ്രീനിവാസന്‍ താണിശ്ശേരി,തുടങ്ങിയരും മറ്റു കമ്മിറ്റി ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



