കലാമത്സരങ്ങളുടെ ആവേശം വേദികളില്‍ നിറഞ്ഞപ്പോള്‍, രുചിമേളമൊരുക്കി ഊട്ടുപുരയും സജീവമായി. നഗരസഭ ടൗണ്‍ ഹാളിന്റെ ഡൈനിങ് ഹാളിലാണ് കലോത്സവത്തിന്റെ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് നടന്ന പാലുകാച്ചല്‍ ചടങ്ങോടു കൂടിയാണ് ഊട്ടുപുര ഉണര്‍ന്നത്. ആദ്യദിനത്തില്‍ ഉച്ചയ്ക്ക് 12 മുതല്‍ ഭക്ഷണം വിളമ്പി തുടങ്ങി. മൂന്ന് കൗണ്ടറുകള്‍ ക്രമീകരിച്ചായിരുന്നു തിരക്കു നിയന്ത്രിച്ചിരുന്നത്. നാല് തരം കറികളും പായസവുമടങ്ങുന്ന ഉച്ചയൂണാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിളമ്പിയത്. എ.സി മൊയ്തീന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഊട്ടുപുര സന്ദര്‍ശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.



