പാലം നിര്‍മ്മാണം നടക്കുന്ന തയ്യൂര്‍ ആലിക്കല്‍ ചിറ പ്രദേശത്ത് പുഴ കരകവിഞ്ഞു. പഴയ പാലം പൊളിച്ചതിനെ തുടര്‍ന്ന് നിര്‍മ്മിച്ച താല്‍ക്കാലിക നടപ്പാലത്തിലൂടെയുള്ള സഞ്ചാരം നിരോധിച്ചു. പുഴയില്‍ വെള്ളം ഉയര്‍ന്ന് ഒഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് നടപ്പാലത്തിലൂടെയുള്ള സഞ്ചാരം നിരോധിച്ചത്. മുന്‍പ് പുഴയില്‍ നിര്‍മ്മിച്ച താല്‍ക്കാലിക ബണ്ട് റോഡ് ജൂണ്‍ മാസത്തില്‍ ഉണ്ടായ കനത്ത മഴയില്‍ തകര്‍ന്നിരുന്നു. ഇതിനുശേഷമാണ് കഴിഞ്ഞ ദിവസങ്ങള്‍ക്ക് മുമ്പ് താല്‍ക്കാലിക നടപ്പാലം നിര്‍മ്മിച്ചത്. നടപ്പാലത്തിന്റെ രണ്ടുവശവും അടച്ചു കെട്ടി. പൊട്ടിയ ബണ്ട് റോഡിന്റെ അവശേഷിച്ച ഭാഗങ്ങള്‍ പൊളിച്ചു നീക്കാന്‍ സാധിക്കാത്ത തുടര്‍ന്നാണ് ഈ ഭാഗത്ത് പുഴ കരകവിഞ്ഞൊഴുകുന്നത്. മഴ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിസരത്തുള്ള വീട്ടുകാര്‍ ആശങ്കയിലാണ്. പാലത്തിന്റെ മെയിന്‍ സ്ലാബിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിച്ചിരുന്നെങ്കിലും പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വീണ്ടും തടസ്സപ്പെട്ടു. കോണ്‍ക്രീറ്റിന് വേണ്ടി കെട്ടിയ കമ്പികളോട് ചേര്‍ന്നാണ് ഇപ്പോള്‍ വെള്ളം ഒഴുകുന്നത്.



