32.6 C
Kunnamkulam
Wednesday, November 18, 2026
Home Bureaus Guruvayur വൃശ്ചിക പുലരിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന പുണ്യംതേടി ആയിരങ്ങള്‍

വൃശ്ചിക പുലരിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന പുണ്യംതേടി ആയിരങ്ങള്‍

19

വൃശ്ചിക പുലരിയില്‍ ദര്‍ശന പുണ്യംതേടി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി. മണ്ഡലകാലം കഴിയുന്നതു വരെ ഗുരുവായൂര്‍ ക്ഷേത്രനഗരി ഇനി ശരണം വിളികളാല്‍ മുഖരിതമാകും.ക്ഷേത്രത്തിലെ ഉപദേവനായ അയ്യപ്പനു മുന്നില്‍ മാലയിടാനും കെട്ടുനിറക്കാനും തിരക്കനുഭവപ്പെട്ടുതുടങ്ങി. ശബരിമലയിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും തീര്‍ത്ഥാടകര്‍ ഗുരുവായൂര്‍ ഇടത്താവളമാക്കും. ഇവര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക വരി സംവിധാനം ഒരുക്കിയിട്ടുണ്ട്. മണ്ഡലകാലത്ത് രാവിലെയുള്ള കാഴ്ചശീവേലിക്ക് പ്രത്യേകതകള്‍ ഉണ്ട്. സാധാരണ ദിവസങ്ങളില്‍ ഒരാനയും മൂന്ന് പ്രഥക്ഷിണവുമുള്ള കാഴ്ച ശീവേലിയില്‍ മണ്ഡലകാലം കഴിയുന്നതുവരെ മൂന്ന് ആനകളും അഞ്ച് പ്രദക്ഷിണവും ഉണ്ടാകും. ഇടുതുടി, വീരാണം എന്നീ വിശേഷ വാദ്യങ്ങളും പ്രത്യകതയാണ്. ഗുരുവായൂരപ്പന് പഞ്ചഗവ്യം അഭിഷേകമാണ് മണ്ഡലകാലത്തെ മറ്റൊരു സവിശേഷത. നാല്‍പത് ദിവസത്തെ പഞ്ചഗവ്യ അഭിഷേകവും 41-ാം ദിവസത്തെ കളഭാട്ടവും മണ്ഡലകാല ചടങ്ങുകളില്‍ അതി പ്രധാനമാണ്. ദിവസവും രാവിലെ പന്തീരടി പൂജക്കു ശേഷമാണ് പഞ്ചഗവ്യാഭിഷേകം. ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാരായണനാമ സങ്കീര്‍ത്തനങ്ങളാല്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ആദ്യ ദിനത്തില്‍ പഞ്ചഗവ്യഭിഷേകം നിര്‍വഹിച്ചു. പ്രത്യകം പൂജകള്‍ നടത്തി ചൈതന്യ പൂരിതമാക്കിയ പഞ്ചഗവ്യം മന്ത്രപുരസ്സരം ഗുരുവായൂരപ്പന് അഭിഷേകം ചെയ്ത ശേഷം ശുദ്ധി ചടങ്ങുകളുടെ ഭാഗമായി 25 കലശവും അഭിഷേകം ചെയ്തു. സാധാരണ മേല്‍ശാന്തി നിര്‍വഹിക്കാറുള്ള ഉച്ച പൂജയും തന്ത്രി നിര്‍വഹിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ പഞ്ചഗവ്യ അഭിഷേകവും ഉച്ചപൂജയും ഓതിക്കന്മാരാണ് നിര്‍വഹിക്കുക. ഗുരുവായൂരപ്പന് അഭിഷേകം ചെയ്ത പഞ്ചഗവ്യം പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും.

ADVERTISEMENT
error: Content is protected !!