31.5 C
Kunnamkulam
Thursday, September 24, 2026
Home Bureaus Kunnamkulam തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് സമാപനം ; വിമല കോളേജിന് ഓവറോൾ കിരീടം

തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് സമാപനം ; വിമല കോളേജിന് ഓവറോൾ കിരീടം

22

70-ാമത് തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ സമാപനം ; വിമല കോളേജ് ഓവറോള്‍ ചാമ്പ്യന്മാരായി.ഏഴ് പതിറ്റാണ്ടിന്റെ കായികപാരമ്പര്യം പേറുന്ന 70-ാമത് തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് കുന്നംകുളം സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആവേശകരമായ സമാപനമായി. തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ മത്സരങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ വിമല കോളേജ് 362 പോയിന്റുകളോടെ ഓവറോള്‍ കിരീടം സ്വന്തമാക്കി.
294.5 പോയിന്റുകള്‍ നേടിയ തൃശൂര്‍ പരമേക്കാവ് വിദ്യ മന്ദിര്‍ രണ്ടാം സ്ഥാനവും, 259 പോയിന്റോടെ പൊങ്ങണംകാട് സെന്റ് എലിസബത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുന്നംകുളം ജി.വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് 197.5 പോയിന്റുകളോടെ നാലാം സ്ഥാനം നേടി. ബുധനാഴ്ച വൈകിട്ട് നടന്ന സമാപന സമ്മേളനം തൃശൂര്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി കെ.ആര്‍. സുരേഷ് ഉദ്ഘാടനം ചെയ്യുകയും വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഇ.വി. രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എല്‍.ഐ.സി ഓഫ് ഇന്ത്യ കുന്നംകുളം ചീഫ് മാനേജര്‍ എന്‍.എം. വാസുദേവന്‍, സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സ്റ്റാലിന്‍ റാഫേല്‍, തൃശൂര്‍ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി ഡോ. കെ.എസ്. ഹരിദയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.മേളയുടെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ചൊവ്വാഴ്ച കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് ആണ് നിര്‍വഹിച്ചത്. രാവിലെ 8 മണിക്ക് നടന്ന 5000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് കായികമാമാങ്കത്തിന് തുടക്കമായത്. മിനി , ജൂനിയര്‍ , സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കായികപ്രതിഭകള്‍ മാറ്റുരച്ചു. ഷാട്ട് പുട്ട്, ട്രിപ്പിള്‍ ജംപ്, ജാവലിന്‍ ത്രോ, ഹൈ ജംപ്, റിലേ തുടങ്ങിയ വിവിധ ട്രാക്ക്, ത്രോ, ജംപ് ഇനങ്ങളില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. .

 

ADVERTISEMENT
error: Content is protected !!