തൃത്താല ഉപജില്ലാ കായികമേളയ്ക്ക് സമാപനമായി. മൂന്ന് പതിറ്റാണ്ടിലേറെ കായികമേളയ്ക്ക് ചുക്കാന്‍ പിടിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.ചാത്തന്നൂര്‍ ജിഎച്ച്എസ്എസില്‍ നടന്ന തൃത്താല ഉപജില്ലാ കായികമേള സമാപിക്കുമ്പോള്‍, മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനും വേദിയായി..മൂന്ന് പതിറ്റാണ്ടിലേറെയായി തൃത്താല ഉപജില്ലാതല കായികമേളകളുടെ സംഘാടനത്തിനും നടത്തിപ്പിനും നേതൃത്വം നല്‍കിയ കായികാധ്യാപകരായ കൃഷ്ണന്‍ കെ, കെ. പി. വാസുദേവന്‍ എന്നിവര്‍ക്ക് ഇത് സര്‍വീസിലെ അവസാന ഉപജില്ലാ കായികമേളയായി. വര്‍ഷങ്ങളായി കായികമേളയുടെ വിജയകരമായ നടത്തിപ്പിന് പിന്നില്‍ സജീവ സാന്നിധ്യമായിരുന്ന ഇരുവരുടെയും വിരമിക്കല്‍ വര്‍ഷം കൂടിയാണിത്. തലമുറകളിലെ കായികതാരങ്ങള്‍ക്ക് പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കി, ഉപജില്ലാ കായികരംഗത്ത് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച ഇരുവര്‍ക്കും സഹപ്രവര്‍ത്തകരും കായികപ്രേമികളും ചേര്‍ന്ന് സ്‌നേഹാദരവ് നല്‍കി.ക്യൂ.ഐ.പി.യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ പങ്കെടുത്ത കൂട്ടയോട്ടവും തുടര്‍ന്ന് പൊന്നാട അണിയിച്ച് ആദരിക്കലും നടന്നു. വര്‍ഷങ്ങളോളം കായികമേളയുടെ ആവേശത്തിനും സംഘാടനത്തിനും ഒപ്പം നിന്ന അധ്യാപകര്‍ക്ക് ലഭിച്ച ഈ ആദരം ഏറെ ഹൃദയസ്പര്‍ശിയായി. തുടര്‍ന്ന്, ഈ വര്‍ഷത്തെ തൃത്താല ഉപജില്ലാ കായികമേളയുടെ പതാക താഴ്ത്തി. മത്സരങ്ങളുടെ ആവേശത്തിനൊപ്പം, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കായികസേവനത്തിന് ഒരു മനോഹരമായ സമാപനം കുറിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍. ഓട്ടവും ചാട്ടവും മത്സരങ്ങളും മാത്രമല്ല, കായികമേളകളുടെ പിന്നില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച ഒരു തലമുറയുടെ ഓര്‍മ്മകള്‍ക്ക് കൂടിയാണ് ഈ സമാപനം സാക്ഷിയായത്.



