30.8 C
Kunnamkulam
Sunday, October 11, 2026
Home Bureaus Punnayurkulam പുന്നയൂർ ആധുനിക വാതക ശ്മശാനത്തിന്റെ ട്രയല്‍ റണ്‍ വീണ്ടും പരാജയം

പുന്നയൂർ ആധുനിക വാതക ശ്മശാനത്തിന്റെ ട്രയല്‍ റണ്‍ വീണ്ടും പരാജയം

9

ആധുനിക വാതക ശ്മശാനത്തിന്റെ ട്രയല്‍ റണ്‍ വീണ്ടും പരാജയപ്പെട്ടതോടെ നിര്‍മാണ കമ്പനിയായ റൈഡ്കോയ്ക്ക് പ്രവര്‍ത്തനക്ഷമമാക്കാന്‍ അവസാന തീയതി നല്‍കി പുന്നയൂര്‍ പഞ്ചായത്ത്. നവംബര്‍ 20നകം ശ്മശാനത്തിലെ മുഴുവന്‍ അപാകതകളും പരിഹരിച്ച് പ്രവര്‍ത്തന സജ്ജമാക്കാമെന്ന് റൈഡ്കോ അധികൃതര്‍ പഞ്ചായത്തിന് ഉറപ്പ് നല്‍കി.കഴിഞ്ഞ ദിവസം ചേര്‍ന്ന പുന്നയൂര്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശനിയാഴ്ച ട്രയല്‍ റണ്‍ നടത്തിയത്. കരാര്‍ കമ്പനി, തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ വിദഗ്ധ സമിതി, ശ്മശാന മോണിറ്ററിങ് കമ്മിറ്റി, മരണാനന്തര സഹായ സമിതി അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് ട്രയല്‍ റണ്‍ നടത്തിയത്.
ശ്മശാനം 45 മിനിറ്റ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ താപനില 1000 ഡിഗ്രിക്ക് മുകളിലെത്തേണ്ടതായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറോളം ട്രയല്‍ റണ്‍ നടത്തിയിട്ടും താപനില 800 ഡിഗ്രിയിലേക്ക് മാത്രമാണ് എത്തിയത്. ഇതോടെ ശ്മശാനം നിലവില്‍ സംസ്‌കാരത്തിന് പൂര്‍ണമായും സജ്ജമല്ലെന്ന അഭിപ്രായത്തില്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും യോജിച്ചു.
തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് നവംബര്‍ 20നകം ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ശ്മശാനം പ്രവര്‍ത്തന സജ്ജമാക്കാമെന്ന് റൈഡ്കോ അധികൃതര്‍ അറിയിച്ചത്. ഈ സമയപരിധി യോഗം അംഗീകരിച്ചു. അതോടൊപ്പം റൈഡ്കോയുമായുള്ള കരാര്‍ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാനും യോഗം തീരുമാനിച്ചു. കരാര്‍ കാലാവധി സംബന്ധിച്ചും തുടര്‍നടപടികള്‍ പരിശോധിക്കും.തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ ഉദ്യോഗസ്ഥ സംഘമാണ് ശ്മശാനത്തിന്റെ സാങ്കേതിക പരിശോധന നടത്തുന്നത്. ട്രയല്‍ റണ്ണിന് ശേഷം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഐ.പി. രാജേന്ദ്രന്‍, ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ചന്ദ്രബോസ്, മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ വിജേഷ്, റൈഡ്കോ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥന്‍ രവീന്ദ്രന്‍, മെക്കാനിക്കല്‍ അറ്റന്‍ഡര്‍ വി.പി. ബൈജു, പഞ്ചായത്ത് സെക്രട്ടറി ഗണപതി, മരണാനന്തര സഹായ സമിതി അംഗങ്ങളായ വിനയദാസ്, സി.എസ്. രാജീവ്, ബാബു മാഷ്, മോണിറ്ററിങ് കമ്മിറ്റി അംഗം ഫസലു, പഞ്ചായത്ത് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!