വാല്‍പ്പാറ വാഹനാപകടം: ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി

വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ 9 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് രാഷ്ട്രപതി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു.

മരിച്ചവര്‍ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പി സന്തോഷ് കുമാര്‍ എംപിയും ഉറപ്പുനല്‍കി. റോഡ് സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ദുരന്തം അടിവരയിടുന്നതെന്നും ദുരന്തം ബാധിച്ച കുടുംബങ്ങള്‍ക്ക് ഉടനടി നഷ്ടപരിഹാരവും പിന്തുണയും അധികാരികള്‍ ഉറപ്പാക്കണമെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് പതിമൂന്നാം വളവില്‍ നിന്ന് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ ചികിത്സയില്‍ കഴിയുകയാണ്. പരുക്കേറ്റ മസ്‌നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടേഴ്‌സ് അറിയിക്കുന്നത്.

പാങ്ങ് എല്‍പിഎസിലെ പ്രധാന അധ്യാപിക അജിത, അധ്യാപികമാരായ റംല, സുഹറ, ആശ, അധ്യാപകനായ അബ്ദുല്‍ മജീദ്, മജീദിന്റെ ഭാര്യ റുഖിയ, സ്‌കൂളിലെ പാചക തൊഴിലാളി സാജിത, പാങ്ങ് ജി.യു.പി സ്‌കൂളിലെ അധ്യാപിക ഷക്കീന (ഷക്കീന അടുത്തിടെയാണ് പാങ്ങ് എല്‍പി സ്‌കൂളില്‍ നിന്ന് ജി.യു.പി സ്‌കൂളിലേക്ക് മാറിയത്) സുഹറയുടെ മകനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ഹിഷാം എന്നിവരാണ് മരിച്ചത്.

ADVERTISEMENT