കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മറ്റി വില്ലേജ് ഓഫീസ് ഉപരോധിച്ചു

കടങ്ങോട്, വെള്ളറക്കാട്, ചിറമനേങ്ങാട് ഗ്രൂപ്പ് വില്ലേജ് ഓഫീസില്‍ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. കാലങ്ങളോളമായി വില്ലേജ് ഓഫീസില്‍ സ്ഥിരമായി ഓഫീസറില്ല. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ജനങ്ങളും പൊതു പ്രവര്‍ത്തകരും നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസറെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.  വില്ലേജ് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എരുമപ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ സി.വി. ലൈജുമോന്റെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിഷേധ സമരത്തിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം, യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ സജീവ് ചാത്തനാത്ത്, നേതാക്കളായ സലാം വലിയകത്ത്, റഫീക്ക് ഐനിക്കുന്നത്ത്, എം.പി.സിജോ, രജ്ജു താരു, പഞ്ചായത്ത് മെമ്പര്‍മാരായ സൈബുന്നിസ ഷറഫു, രജിത ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT