32.3 C
Kunnamkulam
Sunday, November 1, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്ന് മുതല്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്ന് മുതല്‍

14

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനമുണ്ടാകും. നേരത്തേ, പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ വെര്‍ച്വല്‍ ക്യൂ ദര്‍ശനം വന്‍ വിജയമായതോടെയാണ് എല്ലാ ദിവസവും സംവിധാനം ഏര്‍പ്പെടുത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്.ഇതുവരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമായിരുന്നു ഓണ്‍ലൈന്‍ ബുക്കിങ് വഴി ദര്‍ശനസൗകര്യം ലഭിച്ചിരുന്നത്.
എല്ലാ മാസവും 25 ന് രാവിലെ 10 മുതലാണ് അടുത്ത മാസത്തെ ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുന്നത്. ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ മുഴുവന്‍ സ്ലോട്ടുകളും നിറയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഭക്തരുടെ തിരക്കും ഓണ്‍ലൈന്‍ ദര്‍ശനത്തിനുള്ള വര്‍ധിച്ച ആവശ്യവും പരിഗണിച്ചാണ് എല്ലാ ദിവസവും വെര്‍ച്വല്‍ ക്യൂ സംവിധാനം വ്യാപിപ്പിക്കുന്നത്. ഉദയാസ്തമയപൂജയുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് രണ്ട് മണിക്കൂര്‍ മാത്രമായിരിക്കും വെര്‍ച്വല്‍ ക്യൂ ദര്‍ശനം. മറ്റ് ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയുള്ള ആറ് സ്ലോട്ടുകളിലും ഉച്ചതിരിഞ്ഞ് രണ്ട് സ്ലോട്ടുകളിലുമായി ദര്‍ശനത്തിന് ബുക്ക് ചെയ്യാം. ഒരു സ്ലോട്ടില്‍ 300 പേര്‍ക്കാണ് ദര്‍ശനസൗകര്യം. എട്ട് സ്ലോട്ടുകളിലായി ദിവസവും 2,400 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ഗുരുവായൂരപ്പനെ തൊഴുത് മടങ്ങാം. ഒരു ബുക്കിങ്ങില്‍ പരമാവധി ആറുപേര്‍ക്ക് ദര്‍ശനം നടത്താനും അവസരമുണ്ട്. ഡിസംബര്‍ മാസത്തെ ദര്‍ശനത്തിനുള്ള ബുക്കിങ് മുതല്‍ 25 രൂപ ഫീസ് ഈടാക്കും. ബുക്ക് ചെയ്തശേഷം ദര്‍ശനത്തിനെത്താതിരിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനും ബുക്കിങ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ഫീസ് ഏര്‍പ്പെടുത്തുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് അറിയിച്ചു. ഇതിലൂടെ ലഭിക്കുന്ന തുക ദേവസ്വത്തിന്റെ അന്നദാന ഫണ്ടിലേക്ക് വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ADVERTISEMENT
error: Content is protected !!