കടവല്ലൂര്‍ പഞ്ചായത്തു മൈതാനത്ത് വെള്ളക്കെട്ടു മൂലം കളികള്‍ തടസ്സപ്പെടുന്നതായി പരാതി

94

കടവല്ലൂര്‍ പഞ്ചായത്തു മൈതാനത്ത് വെള്ളക്കെട്ടു മൂലം കളികള്‍ തടസ്സപ്പെടുന്നതായി പരാതി. മൈതാനത്തിന്റെ പടിഞ്ഞാറേ ഭാഗത്തു കൂട്ടിയിട്ട മണ്ണു മൂലമാണു വെള്ളക്കെട്ടു രൂപപ്പെട്ടിരിക്കുന്നത്. കിഴക്കേ ഭാഗത്തു തടസ്സമായി സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി കൊണ്ടുവന്ന കുറ്റികളും ഉണ്ട്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാന നിര്‍മാണം നടത്തിയപ്പോള്‍ ബാക്കിയായ മണ്ണാണു മൈതാനത്തു കൊണ്ടുവന്നിട്ടത്. തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ ഇത് നീക്കം ചെയ്യാനുള്ള ടെന്‍ഡര്‍ വിളിക്കുവാന്‍ സാധിച്ചില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. മൈതാനത്തിന്റെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ മണ്ണു നീക്കി വച്ചു ബാക്കി ഉടന്‍ മാറ്റുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.കടവല്ലൂര്‍ പഞ്ചായത്തിലുള്ള ഒരേയൊരു പൊതു മൈതാനം ഉന്നത നിലവാത്തില്‍ നവീകരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. എംഎല്‍എ ഫണ്ടില്‍ നിന്നും ലഭിച്ച 31 ലക്ഷം രൂപ ഉപയോഗിച്ച് കമ്പി വേലി, ഇരിപ്പിടം തുടങ്ങിയ ചില നിര്‍മാണങ്ങള്‍ നടത്തിയിരുന്നു.പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൈതാനം ഇന്‍ഡോര്‍ സ്റ്റേഡിയമാക്കാന്‍ കായിക വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു നടപടികളൊന്നും പൂര്‍ത്തിയായിട്ടില്ല.