28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu മിനി പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വീട്ടുമതിലില്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

മിനി പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വീട്ടുമതിലില്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

പെരുമ്പിലാവ് കടവല്ലൂര്‍ പാറപ്പുറത്ത് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന മിനി പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വീട്ടുമതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ടന്‍കാവ് വിളയൂര്‍ സ്വദേശികളായ വൈലത്തൊടി വീട്ടില്‍ ഹൈദര്‍ അലി (42), അബ്ദുല്‍ റഷീദ് (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്. കടവല്ലൂര്‍ ഭാഗത്തുനിന്ന് അയിനൂരിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടുമതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ മതില്‍ പൂര്‍ണ്ണമായും തകരുകയും വാഹനത്തിന് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് ലോറിയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ റോഡിലേക്ക് തെറിച്ചുവീണു. സിലിണ്ടറുകളില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ കുന്നംകുളം അഷറഫ് കൂട്ടായ്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ വീണ ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് മറ്റൊരു ലോറിയിലേക്ക് മാറ്റി സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തു. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!