സംസ്ഥാന പാതയില്‍ കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കെ. എസ്. ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസ് നിയന്ത്രണം വിട്ട് സമീപത്ത് പൂട്ടിക്കിടന്ന കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഓടിട്ട പഴയ കെട്ടിടം ബസിനുള്ളിലേക്ക് തകര്‍ന്നുവീണു. ഡ്രൈവര്‍ എറണാകുളം കുമ്പളങ്ങി പന്നാംപള്ളി വീട്ടില്‍ ജോര്‍ജ് പി. ജോസഫാണ് (49) മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു ചൊവ്വാഴ്ച രാത്രി 10.45 ഓടെ താഴത്തെ അക്കിക്കാവ് സെന്ററിലായിരുന്നു അപകടം. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുന്ന ലോ ഫ്‌ലോര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. കേച്ചേരി- അക്കിക്കാവ് ബൈപാസ് റോഡില്‍നിന്ന് അശ്രദ്ധയായി സംസ്ഥാന പാതയി ലേക്ക് കയറിയ കാറില്‍ തട്ടാതിരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ബസിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ അന്‍സാര്‍ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.



