പഴഞ്ഞി അരുവായിലെ കൂട്ട ആത്മഹത്യയില്‍ മരിച്ചവര്‍ക്ക് യാത്രാമൊഴിയേകി നാട്. സംസ്‌ക്കാരം പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്നു. മടുക്കയാങ്കല്‍ സിബി (50,) ഭാര്യ ബീന (41), മകള്‍ അലീന (19), മകന്‍ ആദിത്യന്‍ (17) എന്നിവരാണ് കൂട്ട ആത്മഹത്യക്ക് ശ്രമിച്ചത്.സിബിയെ വിഷം കഴിച്ച് കിണറിനുള്ളിലും, മകള്‍ അലീനയെ വിഷം കഴിച്ച് തൂങ്ങിയ നിലയിലും ആണ് പോലീസ് കണ്ടെത്തിയത്.വിഷം കഴിച്ച് അവശനിലയിലായിരുന്ന ബീനയെയും, ആദിത്യനെയും പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനായിരുന്നു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം കുന്നംകുളം മലങ്കര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മൃതശരീരങ്ങള്‍ വീട്ടിലെത്തിച്ചു. പിന്നീട് രണ്ട് മണിയോടെ പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയിലായിരുന്നു സംസ്‌ക്കാരം. കരിക്കാട് ഇടവക വികാരി ഫാദര്‍ സണ്ണി ചാക്കോ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. സംസ്‌കാര ചടങ്ങില്‍ ബന്ധുക്കളും, നാട്ടുകാരും അടക്കം നിരവധി പേര്‍ പങ്കെടുത്തു. ആത്മഹത്യ ശ്രമത്തില്‍ സാരമായി പരിക്കേറ്റ സിബിയുടെ ഭാര്യ ബീന , മകന്‍ ആദിത്യന്‍ എന്നിവര്‍ അപകടം നില തരണം ചെയ്തതോടെ ഇവരും സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദുരന്തവിവരം പുറംലോകം അറിയുന്നത്. ഖത്തറില്‍ ഡിസൈനറായി ജോലി ചെയ്തിരുന്ന സിബി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഇവരുടെ മകന്‍ ആദിത്യന്‍ പോലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്നുള്ള ഇടപെടലിലാണ് പിതാവിനെയും, മകളെയും മരിച്ച നിലയിലും, മകനെയും, അമ്മയെയും, വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.കഴിഞ്ഞ ദിവസം വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.



