ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ പുതുക്കാട് യുവതി കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മരിച്ചു; നിയന്ത്രണം വിട്ട ബസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. പുതുക്കാട് കാഞ്ഞൂര്‍ സ്വദേശി പൊരന്തരപ്പിള്ളി വീട്ടില്‍ റോയ്‌സന്റെ ഭാര്യ 48 വയസുള്ള സിന്ധുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെ പുതുക്കാട് സെന്ററിലായിരുന്നു അപകടം. ചാലക്കുടിയിലേക്ക് പോയിരുന്ന ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്.
പുതുക്കാട് സ്റ്റോപ്പില്‍ നിന്ന് മുന്നിലേക്കെടുക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് തലക്കറക്കം അനുഭവപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് വഴിയോരത്ത് കൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ദേശീയപാതയോരത്തുള്ള ചായക്കടയിലേക്ക് ഇടിച്ചുകയറി. റോഡില്‍ വീണ സിന്ധുവിന്റെ തലയിലൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. ബസ് പാഞ്ഞുവരുന്നത് കണ്ട് ചായകടയുടെ മുന്‍പില്‍ നിന്നിരുന്നയാള്‍ക്ക് ഓടിമാറുന്നതിനിടെ വീണ് പരിക്കേറ്റു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റ സിന്ധുവിനെയും, ബസ് ഡ്രൈവറെയും നാട്ടുകാര്‍ ചേര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിന്ധുവിന്റെ ജീവന്‍ രക്ഷികാനായില്ല.



