കുന്നംകുളത്ത് മൂന്ന് തലമുറകളുടെ നേന്ത്രപ്പഴ പാരമ്പര്യവുമായി 55 വര്‍ഷത്തിന്റെ നിറവില്‍ പഴുന്നാന്‍ മാത്യൂസ്. ചിങ്ങം പിറന്നതോടെ ഓണവിപണിയിലും നേന്ത്രക്കുലകളുടെ സാന്നിധ്യമേറി. താഴത്തെ പാറയിലെ നൂറ്റാണ്ട് പിന്നിട്ട പഴുന്നാന്‍ കുടുംബത്തിന്റെ നേന്ത്രവാഴ കച്ചവടത്തിനും ഓണക്കാലം വീണ്ടും തിരക്കേറിയ ദിനങ്ങളാവുകയാണ്.69-കാരനായ പഴുന്നാന്‍ മാത്യൂസ് 55 വര്‍ഷമായി തുടരുന്ന നേന്ത്രപഴ കച്ചവടത്തിന് പിന്നില്‍ മൂന്ന് തലമുറകളുടെ പാരമ്പര്യവും അധ്വാനവുമാണ് കച്ചവടത്തെ വേറിട്ടതാക്കുന്നത്. അപ്പാപ്പന്‍ വറീത് ആരംഭിച്ച നേന്ത്രവാഴ കച്ചവടം മകന്‍ കുര്യനിലൂടെ മാത്യൂസിലേക്കെത്തുകയായിരുന്നു. വലിയ അങ്ങാടിയില്‍ കച്ചവടം നടത്തിയിരുന്ന വറീതിന് ശേഷം പിതാവ് കുര്യന്‍ കച്ചവടം ഏറ്റെടുത്ത് താഴത്തെ പാറയിലേക്ക് മാറ്റി. 14-ാം വയസ്സില്‍ പിതാവ് കുര്യനൊപ്പം കച്ചവടത്തിനെത്തിയ മാത്യൂസ് പിന്നീട് അതുതന്നെ ജീവിതമാര്‍ഗമാക്കി.കടയ്ക്കു മുന്നില്‍ നേന്ത്രക്കുലകള്‍ നിരന്നുതുടങ്ങുമ്പോള്‍ പഴയ ഓണക്കാലങ്ങളുടെ ഓര്‍മകളും മാത്യൂസിന്റെ മനസ്സിലെത്തും.പിതാവിന്റെ കാലത്തെ കച്ചവടരീതികളും ഉപഭോക്താക്കളുമായുള്ള ബന്ധവും അന്നത്തെ ഓണക്കാല തിരക്കുമെല്ലാം ഇന്നും ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. കാലത്തിനനുസരിച്ച് കച്ചവടത്തില്‍ മാറ്റങ്ങള്‍ വന്നെങ്കിലും കര്‍ഷകനോടും ഉപഭോക്താവിനോടുമുള്ള വിശ്വാസത്തിന്റെ ബന്ധം മാത്യൂസ് കാത്തുസൂക്ഷിച്ചു. ഓണം അടുക്കുമ്പോള്‍ വര്‍ഷങ്ങളായി കടയില്‍നിന്ന് നേന്ത്രപ്പഴം വാങ്ങുന്ന പഴയ ഉപഭോക്താക്കളില്‍ പലരും വഴി ദൂരങ്ങളില്‍ നിന്ന് പോലും മാത്യൂ സിന്റെ കട തേടിയെത്തുക പതിവാണ്. വിലയേക്കാള്‍ വലുതാണ് കച്ചവടത്തിലെ വിശ്വാസബന്ധമെന്നാണ് മാത്യൂസ് പറയുന്നത്. ഓണക്കാലത്ത് പ്രധാനമായും ചെങ്ങാലിക്കോടന്‍ ഉള്‍പ്പെടെയുള്ള നാടന്‍ നേന്ത്രപ്പഴത്തിനാണ് ആവശ്യക്കാര്‍ ഏറുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള നേന്ത്രപ്പഴവും വിപണിയിലുണ്ടെങ്കിലും വീടുകളിലേക്കും ക്ഷേത്രങ്ങളിലേക്കും കാഴ്ചക്കുലകളായും മറ്റുമായി കൂടുതലായി ആളുകള്‍ കൊണ്ടുപോകുന്നത് നാടന്‍ നേന്ത്രക്കുലകളാണ്.മഴക്കെടുതിയില്‍ വാഴക്കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വരും ദിവസങ്ങളില്‍ വിപണിയിലേക്കുള്ള നാടന്‍ നേന്ത്രക്കുലകളുടെ വരവിനെയും അടുത്ത ദിവസം ബാധിച്ചേക്കും. അത്തത്തിന്റെ പൂവിളിക്കൊപ്പം നേന്ത്രക്കുലകള്‍ നിരത്തുന്ന മാത്യൂസിന് ഇത് വെറുമൊരു കച്ചവടക്കാലമല്ല. വറീതില്‍ തുടങ്ങി കുര്യനിലൂടെ മാത്യൂസിലേക്കെത്തിയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഇത്. മാത്യൂസിന്റെ മകന്‍ ടോബിനും ഇപ്പോള്‍ കച്ചവടത്തില്‍ ഒപ്പമുണ്ട്. മൂന്ന് തലമുറകളുടെ അധ്വാനവും വിശ്വാസവും നാലാം തലമുറയിലേക്ക് പകര്‍ന്നിട്ടുണ്ട്.കുന്നംകുളത്തിന്റെ ഓണവിപണയില്‍ നേന്ത്രക്കുലകള്‍ മാറി മാറി വരുമ്പോഴും കുടുംബത്തിന്റെ കച്ചവട ബന്ധം പതിറ്റാണ്ടുകള്‍ പിന്നിട്ട് വിശ്വസ്തയോടെ ഇന്നും തുടരുകയാണ്.
Home Bureaus Kunnamkulam മൂന്ന് തലമുറകളുടെ നേന്ത്രപ്പഴ പാരമ്പര്യം ; 55 വര്‍ഷ നിറവില്‍ പഴുന്നാന്‍ മാത്യൂസ്



