28.1 C
Kunnamkulam
Thursday, August 20, 2026
Home Bureaus Punnayurkulam പെരിയമ്പലം കമ്യൂണിറ്റി ഹാള്‍ കെയര്‍ടേക്കര്‍ നിയമനം ; ഭരണപക്ഷത്തിന് തിരിച്ചടി

പെരിയമ്പലം കമ്യൂണിറ്റി ഹാള്‍ കെയര്‍ടേക്കര്‍ നിയമനം ; ഭരണപക്ഷത്തിന് തിരിച്ചടി

27

പുന്നയൂര്‍ക്കുളം പെരിയമ്പലം വി.പി.മാമു കമ്യൂണിറ്റി ഹാള്‍ കെയര്‍ടേക്കര്‍ നിയമനത്തില്‍ ഭരണപക്ഷത്തിന് തിരിച്ചടി. യു.ഡി.എഫ്. ഭരണസമിതി നിര്‍ദേശിച്ച ഉദ്യോഗാര്‍ഥിയെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം എതിര്‍ത്തതോടെയാണ് നീക്കം പാളിയത്.ഇതോടെ തസ്തികയില്‍ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴി നിയമനം നടത്താന്‍ തീരുമാനമായി. മുസ്ലിം ലീഗ് അംഗം തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നതും കോണ്‍ഗ്രസ് മെംബര്‍ യോഗത്തില്‍ പങ്കെടുക്കാത്തതും യുഡിഎഫിനു തിരിച്ചടിയായി. എസ്ഡിപിഐ അംഗം വിഷയത്തില്‍ യുഡിഎഫിനൊപ്പം നിന്നു. ഓഡിറ്റോറിയത്തില്‍ കെയര്‍ ടേക്കറെ നിയമിക്കാന്‍ ഇന്റര്‍വ്യൂ നടത്തി ഒരാളെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇയാളെ നിയമിക്കുന്നതില്‍ യുഡിഎഫിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഘടക കക്ഷികളോട് കൂടിയാലോചന നടത്തിയിരുന്നില്ല എന്നാണ് ആക്ഷേപം. പഞ്ചായത്ത് ഭരണ സമിതിയെയോ പ്രസിഡന്റിനെയോ പരിഗണിക്കാതെ പല കാര്യങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് ഇടപെടുന്നതില്‍ മുസ്ലിം ലീഗിനും ചില കോണ്‍ഗ്രസ് മെംബര്‍മാര്‍ക്കും അതൃപ്തി ഉണ്ടായിരുന്നു. യഥാര്‍ഥ കര്‍ഷകരെ അവഗണിച്ച് സഹകരണ ബാങ്ക് ഡയറക്ടര്‍ക്കും സെക്രട്ടറിക്കും കര്‍ഷക അവാര്‍ഡ് നല്‍കിയതിലും പരക്കെ ആക്ഷേപം ഉണ്ടായിരുന്നു. ഇതിനെതിരെ എല്‍ ഡി എഫിലും പ്രതിഷേധം ഉടര്‍ന്നിരുന്നു. കെയര്‍ ടേക്കര്‍ നിയമനത്തില്‍ യുഡിഎഫിനുള്ളിലെ അതൃപ്തികള്‍ പരസ്യമായതോടെ ഭരണസമിതി മുന്നോട്ടു വച്ച നിര്‍ദേശം ആദ്യമായി യോഗത്തില്‍ തള്ളിപ്പോയി. പുതിയ ഭരണ സമിതി പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ വന്നത് മുതല്‍ കെയര്‍ടേക്കര്‍ ആയി നിയമിച്ച ആളെ നിലനിര്‍ത്തുവാന്‍ ആണ് കോണ്‍ഗ്രസുകാര്‍ പരിശ്രമിച്ചിരുന്നത്. ഇതാണ് ഇവിടെ പാളിയത്. കോണ്‍ഗ്രസ് നിര്‍ദേശിച്ച ആളെ പിന്തുണയ്ക്കാന്‍ ബിജെപിയുമായി രഹസ്യചര്‍ച്ച നടത്തിയെങ്കിലും ഫലിച്ചില്ല. 21 മെംബര്‍മാരില്‍ യുഡിഎഫിനു 9 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ ഒരാള്‍ വന്നില്ല, മറ്റൊരാള്‍ വോട്ടെടുപ്പില്‍ നിഷ്പക്ഷത പാലിച്ചു. എല്‍ഡിഎഫിലെ ഏഴില്‍ ആറു പേരും ബിജെപിയുടെ നാലു പേരും എസ്ഡിപിഐ അംഗവും യോഗത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!