23.6 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Guruvayur ഭക്തിസാന്ദ്രമായി ഗുരുവായൂര്‍ ഉത്രാടക്കാഴ്ച കുല സമര്‍പ്പണം

ഭക്തിസാന്ദ്രമായി ഗുരുവായൂര്‍ ഉത്രാടക്കാഴ്ച കുല സമര്‍പ്പണം

24

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടക്കാഴ്ച കുല സമര്‍പ്പണം ഭക്തിസാന്ദ്രമായി. മന്ത്രി കെ.മുരളീധരന്‍ ഉള്‍പ്പെടെ ഭക്തര്‍ നിരവധി ഭക്തരാണ് കാഴ്ചക്കുല സമര്‍പ്പിച്ചത്. രാവിലെ ശീവേലിക്കു ശേഷം ഏഴു മണിയോടെ സ്വര്‍ണക്കൊടിമരത്തിന് സമീപമായിരുന്നു ചടങ്ങ്. അരിമാവണിഞ്ഞതിന് മുകളിലെ നാക്കിലയില്‍ മേല്‍ശാന്തി തെക്കുംപറമ്പത്ത് മനയില്‍ നാരായണന്‍ നമ്പൂതിരി ആദ്യ കുല സമര്‍പ്പിച്ചു.പട്ടില്‍ പൊതിഞ്ഞ ലക്ഷണമൊത്ത നേത്രക്കുലയാണ് മേല്‍ശാന്തി സമര്‍പ്പിച്ചത്. തുടര്‍ന്ന് ശാന്തിയേറ്റ കീഴ്ശാന്തിമാരായ കൊടക്കാട് കൃഷ്ണന്‍ നമ്പൂതിരി, കീഴേടം വാസുദേവന്‍ നമ്പൂതിരി, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കുലകള്‍ സമര്‍പ്പിച്ചു. മന്ത്രി കെ.മുരളീധരന്‍,ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായര്‍,എം.യു. ഷിനിജ, ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്. ഹരി ഗോപാല്‍, ക്ഷേത്രം ഡി.എ. എം.രാധ, ഭരണ വിഭാഗം ഡി.എ.പ്രമോദ് കളരിക്കല്‍ എന്നിവരും കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭക്തജനങ്ങളുടെ ഊഴമായിരുന്നു. നൂറുക്കണക്കിന് ഭക്തര്‍ ഭഗവാന് കാഴ്ചക്കുല സമര്‍പ്പിച്ചു ദര്‍ശനസായൂജ്യം നേടി. തിരുമുല്‍ക്കാഴ്ചയായി ഭക്തര്‍ സമര്‍പ്പിച്ച കാഴ്ചക്കുലകളില്‍ ഒരു ഭാഗം നാളെ തിരുവോണ സദ്യയുടെ വിശേഷ വിഭവമായ പഴംപ്രഥമന് ഉപയോഗിക്കും. ഒരു പങ്ക് ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കിയശേഷം ബാക്കിയുള്ള കുലകള്‍ ഭക്തര്‍ക്ക് ലേലം ചെയ്തു. ഓണത്തിന് ജന്‍മിമാര്‍ക്ക് പാട്ടക്കുടിയാന്‍മാര്‍ കാഴ്ചക്കുല സമര്‍പ്പിച്ച് സന്തോഷിപ്പിച്ചിരുന്ന പഴയ കാലഘട്ടത്തിന്റെ ഓര്‍മ്മയുണര്‍ത്തിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും കാഴ്ച കുല സമര്‍പ്പണം നടത്തുന്നത്. മുന്‍കാലങ്ങളില്‍ ദേവസ്വം ഭൂമി പാട്ടത്തിനെടുത്ത് നടത്തിയിരുന്നവരാണ് കാഴ്ചക്കുല എത്തിച്ചിരുന്നത്. പാട്ടക്കുലകള്‍ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായതോടെ ആ നിലയ്ക്കുള്ള കാഴ്ചക്കുലകളുടെ വരവ് നിലക്കുകയും ഭക്തര്‍ കാഴ്ച കുല സമര്‍പ്പിച്ച് തുടങ്ങുകയുമായിരുന്നു.

ADVERTISEMENT
error: Content is protected !!