ഗുരുവായൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുമായി കാവീട് സ്വദേശി രാജന്‍ പാറേക്കാട്ടുപറമ്പില്‍. മണ്ണെണ്ണയുമായി ബാങ്കിലെത്തി ആത്മഹത്യയ്ക്കും ശ്രമം.വീടുപണിക്കും മകളുടെ വിവാഹത്തിനുമായി 2018 മാര്‍ച്ചില്‍ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തതായും ഇതുവരെ ഏകദേശം 19 ലക്ഷം രൂപ തിരിച്ചടച്ചിട്ടും ഇനി 21 ലക്ഷം രൂപ കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചതെന്നും രാജന്‍ പറയുന്നു. 2019ല്‍ 1.80 ലക്ഷം രൂപ ബാങ്കില്‍ അടയ്ക്കുന്നതിനായി അന്നത്തെ ബാങ്ക് ഡയറക്ടറായിരുന്ന ജലീല്‍ പൂക്കോടിന്റെ കൈവശം നല്‍കിയെങ്കിലും തുക ബാങ്കില്‍ അടച്ചിട്ടില്ലെന്നാണ് രാജന്റെ ആരോപണം. ഇക്കാര്യത്തില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നാണ് രാജന്റെ ആവശ്യം. തന്റെ അറിവോ സമ്മതമോ ഇല്ലാതെ 2019ല്‍ വായ്പ പുതുക്കിയെന്നും, ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപയുടെ ഇടപാട് നടന്നതായും രാജന്‍ ആരോപിക്കുന്നു. വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച് വ്യക്തമായ കണക്കും രേഖകളും ബാങ്കില്‍ നിന്ന് ലഭിക്കണമെന്ന ആവശ്യവും രാജന്‍ ഉന്നയിക്കുന്നു.ഇതിനിടെ വായ്പ തിരിച്ചടയ്ക്കാത്ത പക്ഷം ജപ്തി നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നിരന്തരം ലഭിച്ചതായി രാജന്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മണ്ണെണ്ണയും തീപ്പെട്ടിയുമായി ബാങ്കിലെത്തിയത്. തുടര്‍ന്ന് ബാങ്കില്‍ ഏറെ നേരം ബഹളമുണ്ടായി. ബാങ്ക് അധികൃതരും ജീവനക്കാരും ഇടപെട്ട് രാജനെ ശാന്തനാക്കി മടക്കി അയക്കുകയായിരുന്നു. തനിക്ക് ലഭിച്ച വായ്പാ രേഖകളും തിരിച്ചടച്ച തുകകളുടെ കണക്കുകളും പരിശോധിച്ച് യഥാര്‍ഥ ബാധ്യത വ്യക്തമാക്കണമെന്നും, താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും രാജന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ നിയമപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ബാങ്കിന്റെ വിശദീകരണം ലഭ്യമായിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഇടപാടുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ഇതേക്കുറിച്ച് പഠിച്ച് പ്രതികരിക്കാമെന്നും ബാങ്ക് ചെയര്‍മാന്‍ എടി സ്റ്റീഫന്‍ പറഞ്ഞു.



