ചരിത്രപ്രസിദ്ധമായ പഴഞ്ഞി പള്ളി പെരുന്നാളിന് ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രോപോലീത്ത കൊടിയേറ്റി. ഒക്ടോബര്‍ 2, 3 ദിവസങ്ങളിലാണ് പഴഞ്ഞി പെരുന്നാള്‍ ആഘോഷിക്കുന്നത്.(ശനിയാഴ്ച രാവിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ കുര്‍ബാനക്കു ശേഷം പ്രദക്ഷിണമായി എത്തിയാണ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പെരുന്നാളിന് കൊടിയേറ്റിയത്. പെരുന്നാളിന്റെ മുന്നോടിയായി അങ്ങാടികളില്‍ ദീപാലങ്കാര പന്തലുകളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. പള്ളിയ്ക്ക് സമീപം പ്രവാസി കൂട്ടായ്മയും ഹൈസ്‌കൂള്‍ റോഡില്‍ യംങ്‌സ് പെരുന്നാള്‍ കമ്മിറ്റിയും പന്തലുകള്‍ ഒരുക്കുന്നുണ്ട്. ഒക്ടോബര്‍ 2 ന് പഴഞ്ഞി ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 5ന് ഗജസംഗമം നടക്കും. രാത്രി സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം ആശീര്‍വാദം എന്നിവയുണ്ടാകും. രാത്രി ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകള്‍ നടക്കും. 3 ന് രാവിലെ കുര്‍ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകള്‍ വൈകിട്ടു സമാപിക്കും. പ്രദക്ഷിണം, ആശീര്‍വാദം, പൊതുസദ്യ എന്നിവയുണ്ടാകും. ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്ക് ശേഷം ലേലംവിളി നടക്കും. പെരുന്നാളിന് വികാരി ഫാ.ഗീവര്‍ഗീസ് ജോണ്‍സണ്‍, സഹവികാരി ഫാ.എല്‍ദോ സജു, കൈസ്ഥാനി ജയ്‌സണ്‍ ചീരന്‍, സെക്രട്ടറി അനീഷ് ജോര്‍ജ് എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കും.



