കഴിഞ്ഞ ആറ് മാസമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാത്ത 1.58 കോടി നിര്‍ജീവ റേഷന്‍ കാര്‍ഡുകള്‍ ഒക്ടോബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി നിഷ്‌ക്രിയമാക്കുന്നു. പൊതുവിതരണ ശൃംഖലയിലെ ക്രമക്കേടുകള്‍ തടയുന്നതിനും വ്യാജവും അര്‍ഹതയില്ലാത്തതുമായ കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനുമാണ് നടപടി.കഴിഞ്ഞ ആറ് മാസമായി റേഷന്‍ ധാന്യങ്ങള്‍ കൈപ്പറ്റാത്ത ‘സൈലന്റ് റേഷന്‍ കാര്‍ഡുകള്‍’ ആണ് ആദ്യഘട്ടത്തില്‍ നിഷ്‌ക്രിയമാക്കുന്നത്. ഇവരുടെ വിവരങ്ങള്‍ ഡാറ്റാബേസില്‍നിന്ന് ഉടനടി നീക്കംചെയ്യില്ല. കാര്‍ഡുടമകള്‍ക്ക് തങ്ങളുടെ അര്‍ഹത തെളിയിക്കുന്നതിനായി മൂന്ന് മാസത്തെ സമയപരിധി അനുവദിക്കും. ഈ കാലയളവിനുള്ളില്‍ ഇ-കെവൈസി പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ പുനഃസ്ഥാപിച്ചു നല്‍കും.അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതെന്ന് ഉറപ്പാക്കാനും മരണപ്പെട്ടവരുടെയോ താമസം മാറിയവരുടെയോ പേരില്‍ നടക്കുന്ന ചോര്‍ച്ചകള്‍ തടയാനുമാണ് സര്‍ക്കാര്‍ ഈ ശുദ്ധീകരണം നടത്തുന്നത്.ഡിജിറ്റലൈസേഷന്‍, ആധാര്‍ സീഡിങ്, ഇ-കെവൈസി എന്നിവയിലൂടെ ഇതുവരെ 5.8 കോടി റേഷന്‍ കാര്‍ഡുകള്‍ സിസ്റ്റത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ‘സ്മാര്‍ട്ട്-പിഡിഎസ്’ പദ്ധതിവഴി നടപ്പാക്കുന്ന ഈ പ്രക്രിയയില്‍ ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച് 90.64 ശതമാനം ഇ-കെവൈസി പൂര്‍ത്തീകരണം കൈവരിച്ചിട്ടുണ്ട്.



