28.1 C
Kunnamkulam
Sunday, August 9, 2026
Home Bureaus Punnayurkulam പ്രസിദ്ധമായ പെരുമ്പടപ്പ് പുത്തന്‍പള്ളി ആണ്ട് നേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ സമാപനം

പ്രസിദ്ധമായ പെരുമ്പടപ്പ് പുത്തന്‍പള്ളി ആണ്ട് നേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ സമാപനം

15

നാല് ദിവസങ്ങളിലായി നടന്ന്‌വന്നിരുന്ന പ്രസിദ്ധമായ പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറം ഷെയ്ക്ക് കുഞ്ഞഹമ്മദ് മുസ്ലിയാറുകളുടെ 116-ാമത് ആണ്ട് നേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ സമാപനം. ആയിരങ്ങള്‍ പങ്കെടുത്ത അന്നദാനത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് സമാപനമായത്.4 ദിവസങ്ങളിലായി ജാതിമതഭേദമന്യേ പതിനായിരക്കണക്കിനാളുകളാണ് ജാറത്തിലേക്ക് ഒഴുകിയെത്തിയത്. നേര്‍ച്ചയുടെ ഭാഗമായി ഖത്മുല്‍ ഖുര്‍ആന്‍, സമൂഹ സിയാറത്ത്, സനദ് ദാന സമ്മേളനം, സാംസ്‌കാരിക സമ്മേളനം, അനുസ്മരണ സമ്മേളനം, ആത്മീയ സംഗമം, ലഹരി വിരുദ്ധ സംഗമം, അവാര്‍ഡ് ദാനം, സ്‌കൂള്‍ കെട്ടിട നിര്‍മ്മാണോത്ഘാടനം അശ്റഫി സംഗമം എന്നിവ സംഘടിപ്പിച്ചിരുന്നു. സമാപന ദിവസം 35 അടുപ്പുകളിലായി ഒരേസമയം 1750 കിലോ അരിയുടെ ഭക്ഷണം പാകം ചെയ്ത് നാല്‍പതിനായിരം കിലോ അരിയുടെ ഭക്ഷണമാണ് രാവും പകലുമായി പാകം ചെയ്തു പരോക്ഷമായി ഒരു ലക്ഷത്തോളം പേര്‍ക്ക് ചീരണി എന്ന പേരില്‍ അറിയപ്പെടുന്ന നെയ്‌ച്ചോര്‍ വിതരണം നടത്തിയത്. ഷൗക്കത്ത്, റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. അഞ്ഞൂറോളം വളണ്ടിയര്‍മാര്‍, ഫയര്‍ ഫോഴ്‌സ്, പോലീസ് സേന, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് തുടങ്ങി വന്‍ സാന്നിധ്യമാണ് ഭക്ഷണ വിതരണം നിയന്ത്രിച്ചത്. പുലര്‍ച്ചെ തന്നെ കിലോമീറ്ററോളം ഭക്ത ജനങ്ങളുടെ വരിയായിരുന്നു ഉണ്ടായിരുന്നത്. വരിയില്‍ നിന്ന അവസാന ആള്‍ക്കും ഭക്ഷണം കിട്ടി എന്നുറപ്പ് വരുത്തിയ വിതരണം അവസാനിപ്പിച്ചത്. ഭക്ഷണത്തിലേക്ക് വേണ്ട സാമഗ്രികള്‍ വിഭവ സമാഹരണത്തിലൂടെ ശേഖരിച്ചു. വിവിധ ദേശക്കാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഇതിന്റെ ഭാഗമായി.ആണ്ട് നേര്‍ച്ചയുടെ ആദ്യ കാലങ്ങളില്‍ പത്തിരി, അവില്‍, തേങ്ങ എന്നിവയായിരുന്നു ചോറിന് പകരം വിതരണം ചെയ്തിരുന്നത്.നൂറിലധികം മാടിനെ അറുത്ത് മാംസവും കൂടി നല്‍കിയിരുന്നു. എന്നാല്‍ പരിസര മലിനീകരണം ഉള്‍പ്പെടെ കണക്കിലെടുത്ത് കാല ക്രമേണ മാറ്റം വരുത്തിയാണ് ഇന്നത്തെ അവസ്ഥയിലേക്ക് വന്നത്. രാവിലെ നടന്ന അന്നദാന ചടങ്ങില്‍ മഹല്ല് ഖത്തീബ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സയ്യിദ് സീതിക്കോയ തങ്ങള്‍ ആദ്യ വിതരണം നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് സൈനുദ്ധീന്‍ തെക്കേപ്പുറം, സെക്രട്ടറി സൈഫുദ്ധീന്‍ കപ്പത്തയില്‍ ,ട്രഷറര്‍ അമീന്‍ പുലിയഞ്ഞാലില്‍ , നൗഷാദ് കുന്നനയില്‍, അബ്ദുല്‍ ബാരി ദാരിമി, സ്വാഗത സംഘം ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.വൈകീട്ട് നടന്ന കൂട്ട പ്രാര്‍ത്ഥനക്ക് സയ്യിദ് ഷിഹാബുദ്ധീന്‍ അല്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!