കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളില്‍ ഒളിപ്പിച്ചുവെച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയപ്പോള്‍ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല, മോഷ്ടാവ് തൊട്ടടുത്തുള്ള അയല്‍വാസിയാണെന്ന്. കപ്പൂര്‍ പഞ്ചായത്തിലെ കൊള്ളന്നൂരില്‍ ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് അയല്‍വാസിയായ അബ്ദുല്‍ റഹീമിനെ ചാലിശ്ശേരി പൊലീസ് സാഹസികമായി പിടികൂടിയത്.എടപ്പാളിലെ ലോഡ്ജില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതിയെ ബുധനാഴ്ച വൈകിട്ടാണ് പൊലീസ് പിടികൂടിയത്. കപ്പൂര്‍ കൊള്ളന്നൂര്‍ കൂവപ്പടി വീട്ടില്‍ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയ്ക്ക് മുകളില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും അലമാരയിലുണ്ടായിരുന്ന ആയിരം രൂപയുമാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രി ബന്ധുവിന്റെ വിവാഹസല്‍ക്കാരത്തിന് പോയി വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മോഷണത്തിനായി വീടിന്റെ പൂട്ടോ വാതിലുകളോ തകര്‍ത്തിരുന്നില്ല. ഒരാഴ്ച മുമ്പുവരെ സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ സുരക്ഷിതമായിരുന്നുവെന്ന് കുടുംബം പറഞ്ഞു.വീട്ടില്‍ ആരുമില്ലാത്ത സമയം മനസ്സിലാക്കി മോഷണം നടത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ ചാലിശ്ശേരി പൊലീസ്, മോഷണം നടന്ന് രണ്ട് ദിവസത്തിനകം തന്നെ പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. എടപ്പാളിലെ ലോഡ്ജില്‍ ഒളിച്ചുതാമസിച്ചിരുന്ന പ്രതിയെ കണ്ടെത്തിയത് അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവായി. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം തൃത്താല സിഐ കൃഷ്ണന്‍ കെ. കാളിദാസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ മാരായ റഷീദ്, ബിനീഷ്, സിപിഒ കമല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷണം നടന്ന് ചുരുങ്ങിയ സമയത്തിനകം പ്രതിയെ കണ്ടെത്താനായത് ചാലിശ്ശേരി പൊലീസിന്റെ അന്വേഷണ മികവായി.



